‘പാലക്കുളം ബീച്ചിൽ നിന്നും വാരിയ എളമ്പക്ക വീട്ടിലില്ലേ..’ വെളുത്തുള്ളിയും, പച്ചമുളകും കുരുമുളകും ചേർത്തൊരു പിടിപിടിക്കാം, ഒപ്പം തേങ്ങാ പൂളും; ഇന്നൊരു നാടൻ എളമ്പക്ക ഫ്രൈ ആയാലോ


കൊയിലാണ്ടിയിലെ അടുക്കളകളിലെ പാത്രങ്ങളിൽ എളമ്പക്ക ചാകരയാണ്, ചാകര. ഇന്നലെ വൈകിട്ട് മന്ദമംഗലം പാലക്കുളം ബീച്ചിൽ പൂഴിയ്ക്ക്‌ മുകളിൽ എളമ്പക്ക കണ്ടുതുടങ്ങിയതോടെ രാവ് പകലാക്കി ചാകര ആഘോഷമാക്കിയിരുന്നു നാട്ടുകാർ. കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവർക്കു പുറമേ കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിൽ നിന്നുവരെ എളമ്പക്ക പെറുക്കാൻ നിരവധി പേർ എത്തിയിരുന്നു. കവറുകളിലും പാത്രങ്ങളിലും ബക്കറ്റുകളിലൊക്കെയായി കിലോകണക്കിനാണ് എളമ്പയ്‌ക്ക വാരിയെടുത്തു കൊണ്ട് പോയത്. എളമ്പക്ക ഉപയോഗിച്ച് രുചികരമായ അനേകം വിഭവങ്ങൾ ഉണ്ടാക്കാം. വെളുത്തുള്ളിയും, പച്ചമുളകും കുരുമുളകും ഒപ്പം തേങ്ങാകൊത്തും ചേർത്ത് അസ്സലൊരു നാടൻ എളമ്പക്ക ഫ്രൈ ആയാലോ ഇന്നത്തേക്ക്. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ പറ്റുന്ന ഉഗ്രൻ വിഭവം, അതും വീട്ടിലുള്ള സാധനങ്ങളുപയോഗിച്ച് തയ്യാറാക്കാം.

നാടൻ എളമ്പക്ക ഫ്രൈക്ക് ആവശ്യമായ സാധനങ്ങൾ:

1.കക്കാ ഇറച്ചി – അരക്കിലോ

2.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

3 .ഉപ്പ് – പാകത്തിന്

4.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

5.കടുക് – രണ്ടു ചെറിയ സ്പൂൺ

6.വറ്റൽമുളക് – മൂന്ന്

7.പെരുംജീരകം – ഒരു ചെറിയ സ്പൂൺ

8.തേങ്ങാക്കൊത്ത് – അരക്കപ്പ്

9.വെളുത്തുള്ളി – രണ്ടു വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്

10 .ഇഞ്ചി – രണ്ടു വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്

11.പച്ചമുളക് – രണ്ടു വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്

12.സവാള – മൂന്ന്, നീളത്തിൽ അരിഞ്ഞത്

13.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

14 .മീറ്റ് മസാല – ഒരു ചെറിയ സ്പൂൺ

1‌5.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

16.കറിവേപ്പില – ഒരു പിടി

17.കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം:

∙കക്കാ ഇറച്ചി മഞ്ഞൾപൊടിയും ഉപ്പും ചേർത്തു യോജിപ്പിച്ചു വേവിച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽമുളകു വറുക്കുക.

∙ഇതിലേക്ക് പെരുംജീരകം ചേർത്തു മൂത്തു വരുമ്പോൾ തേങ്ങാക്കൊത്തു ചേർത്തു വഴറ്റുക.

വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നീ ചേരുവ ചേർത്തു പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റുക.

∙ഇതിലേക്ക് മുളക് പൊടി, മീറ്റ് മസാല പൊടി, ഗരം മസാല പൊടി എന്നിവ ചേർത്തു വഴറ്റി വേവിച്ചു വച്ചിരിക്കുന്ന കക്കാ ഇറച്ചി ചേർത്തു നന്നായി ഉലർത്തുക.

‌∙കറിവേപ്പിലയും കുരു‌മുളകുപൊടിയും ചേർത്തു വിളമ്പാം.

സ്വാദിഷ്ടമായ നാടൻ എളമ്പക്ക ഫ്രൈക്ക് തയ്യാർ.