വേനല്‍ ചൂടിയില്‍ ശരീരം തളരാതെയിരിക്കാം: ഡീഹൈഡ്രേഷന്‍ തടയാന്‍ ഈ കാര്യങ്ങള്‍ മറക്കരുത്
ഫെബ്രുവരി അവസാനത്തോടെ തന്നെ വേനല്‍ കനത്തിട്ടുണ്ട്. ഓരോ ദിവസവും ചൂട് കൂടിക്കൂടി വരികയാണ്. അപ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. ആവശ്യത്തിന് ജലാംശം ശരീരത്തില്‍ ഇല്ലെങ്കില്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാകും. അമിതമായി ദാഹിക്കുന്നതും ശരീരം തളരുന്നതും തലവേദനയും പേശീവേദനയുമെല്ലാം ഡിഹൈഡ്രേഷന്റെ ലക്ഷണങ്ങളാണ്. ഈ ചൂട് കാലത്ത് ഡിഹൈഡ്രേഷന്‍ തടയാനുള്ള ചില മാര്‍ഗങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്
ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുക:
ഡീഹൈഡ്രേഷന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ദാഹം. അതിനാല്‍ വെള്ളം കുടിയ്ക്കാന്‍ നന്നായി ദാഹം തോന്നുന്നതുവരെ കാത്തിരിക്കേണ്ടതില്ല. പുറത്തൊക്കെ പോയി ജോലി ചെയ്യുന്നവരാണെങ്കില്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ സമയമോ സൗകര്യമോ കിട്ടിയെന്നുവരില്ല. അിതനാല്‍ എവിടെ പോകുമ്പോഴും ഒരു കുപ്പി വെള്ളം കയ്യില്‍ കരുതണം.
ദിവസവും ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക:
ജലാംശം ധാരാളം അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയാനുള്ള സുപ്രധാന വഴികളിലൊന്നാണ്. മുന്തിരി, തണ്ണിമത്തന്‍ തുടങ്ങിയവ ജലാംശം അടങ്ങിയ ഭക്ഷണ സാധനങ്ങളാണ്.
ജലം അല്ലാത്ത പാനീയങ്ങള്‍ വേണ്ടെന്നുവെയ്ക്കുക:
എല്ലാ ദ്രാവകങ്ങളും ഒരുപോലെയല്ല. സോഡ, കാപ്പി, ചായ, ആല്‍ക്കഹോള്‍ എന്നിവ നിങ്ങളുടെ ദാഹം അല്പം ശമിപ്പിക്കുമെങ്കിലും ഡിഹൈഡ്രേഷന്‍ തടയില്ല.
വ്യായാമവേളകളില്‍ ശരീരം ഹ്രൈഡേറ്റ് ആയി നിലനിര്‍ത്തുക:
വ്യായാമം ചെയ്യുമ്പോള്‍ വിയര്‍പ്പായും മറ്റും ശരീരത്തില്‍ നിന്നും ജലാംശം പുറത്തേക്ക് പോകും. അതിനാല്‍ അതിനനുസൃതമായി വെള്ളം കുടിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ ജിമ്മില്‍ പോകുന്നവരായാലും ദിവസം വീട്ടില്‍ നിന്ന് വ്യായാമം ചെയ്യുന്നവരായാലും ഡീഹൈഡ്രേഷന്‍ ഒഴിവാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കണം.
വസ്ത്രങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കണം:
കട്ടികൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് വേനല്‍ക്കാലത്ത് നല്ലത്. ഇളം നിറത്തിലുള്ളതോ അയഞ്ഞതോ ആയ വസ്ത്രങ്ങള്‍ ധരിക്കാം.