കൊല്ലം കുന്ന്യോറമലയില്‍ അപകടാവസ്ഥയിലായ വീടുകളുള്‍പ്പെട്ട ഭൂമി ഏറ്റെടുക്കാന്‍ തീരുമാനം; നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും*


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി അപകടാവസ്ഥയിലായ കൊല്ലം കുന്ന്യോറമലയിലെ വീടുകള്‍ വരുന്ന സ്ഥലം ഏറ്റെടുക്കാന്‍ ധാരണയായി. കുന്ന്യോറ മലയില്‍ അപകടാവസ്ഥയില്‍ കഴിയുന്ന 23 ഓളം വീടുകളുള്‍പ്പെട്ട സ്ഥലമാണ് ഏറ്റെടുക്കുന്നത്.

ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. അതുവരെ പ്രസ്തുത വീടുകളിലെ താമസക്കാരെ വാടക വീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കാനും ഓരോ വീടിനും മാസം 8000 രൂപ വീതം വാടക നല്‍കാനും തീരുമാനിച്ചു.

ഡെപ്യൂട്ടി കലക്ടറും എഞ്ചിനിയര്‍മാരും അടങ്ങുന്ന സംഘം പരിശോധിച്ചുറപ്പിച്ചശേഷമേ എത്ര വീടുകളുള്‍പ്പെടുന്ന ഭൂമി ഏറ്റെടുക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകൂ. നിലവില്‍ പരിഗണിക്കുന്ന 23 വീടുകള്‍ എന്നതില്‍ നിന്ന് കൂടാനും കുറയാനും സാധ്യതയുണ്ട്.

കുന്ന്യോറമലയിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പുരോഗതി വിലയിരുത്തുന്നതിനായി ഓണത്തിന് ശേഷം വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു.

എം.എല്‍.എ യോടൊപ്പം നഗരസഭ ചെയര്‍പെഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, സെക്രട്ടറി ഇന്ദു ശങ്കരി, പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ സുമതി, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഡെപ്യൂട്ടി കലക്ടര്‍, എന്‍.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടര്‍, എഞ്ചിനിയേഴ്‌സ്, വാഗാഡ്, അദാനി പ്രതിനിധികള്‍ എന്നിവയര്‍ യോഗത്തിലുണ്ടായിരുന്നു. ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുത്ത സമയത്തെ അതേ നഷ്ടപരിഹാര പാക്കേജ് കുന്ന്യോറമല നിവാസികള്‍ക്കും നല്‍കണമെന്ന ആവശ്യം എം.എല്‍.എ അടക്കമുള്ളവര്‍ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്.

ഭൂമിയേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി നിലവില്‍ മണ്ണിടിച്ചലുണ്ടായ ഭാഗങ്ങളില്‍ ശാസ്ത്രീയമായ രീതിയില്‍ തട്ടുകളാക്കി മണ്ണെടുത്ത് ഭാവിയില്‍ മണ്ണിടിച്ചിലുണ്ടാകുന്നത് തടയാനും തീരുമാനമായിട്ടുണ്ട്.

Summary: Decision to acquire land including houses in danger in Kollam Kunnyoramala