കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ പേരാമ്പ്ര സ്വദേശിനി മരിച്ചെന്ന പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍


Advertisement

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനിയായ രോഗി മരിച്ചെന്ന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് കേസെടുത്തത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്‌.

Advertisement

ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായതെന്നും എന്നാല്‍ മനോരോഗ ചികിത്സയാണ് രജനിക്ക് നല്‍കിയതെന്നും ഭര്‍ത്താവ് ഗിരീഷ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രജനി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ആദ്യം മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞുവിട്ടു. വേദന അസഹ്യമായതിനെ തുടര്‍ന്ന് വീണ്ടും അത്യാഹിത വിഭാഗത്തിലെത്തി ചികിത്സ തേടുകയായിരുന്നു. എന്നാല്‍ വേദനയുടെ കാരണം കണ്ടെത്താനാകാതെ മാനസിക രോഗത്തിനുള്ള ചികിത്സയാണ് നല്‍കിയതെന്ന് കുടുംബം ആരോപിക്കുന്നു. അന്നുമുതല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തു.

Advertisement

വാര്‍ഡില്‍ മറ്റൊരു രോഗിയെ പരിശോധിക്കാനെത്തിയ ഡോക്ടര്‍ ഇവരുടെ കേസ് ഷീറ്റ് കാണാനിടയാവുകയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും ന്യൂറോളജി വിഭാഗത്തിലേക്ക് ഇവരെ മാറ്റുകയും ചെയ്തു. ന്യൂറോ ചികിത്സ ലഭിച്ചത് വൈകിയാണെന്നാണ് കുടുംബം പറയുന്നത്. ഞരമ്പുകളില്‍ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തില്‍ ചികിത്സ നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് രജനിയുടെ കുടുംബത്തിന്റെ ആരോപണം.

Advertisement

Description: Death of young woman in Kozhikode Medical College; Human Rights Commission took up the case