കടയില്‍ സൂക്ഷിച്ചത് 1400 ചത്തകോഴികളെ; എരഞ്ഞിക്കലുള്ള കോഴിക്കട ആരോഗ്യവിഭാഗം പൂട്ടിച്ചു
എരഞ്ഞിക്കല്‍: ചത്ത കോഴികളെ സൂക്ഷിച്ച കോഴിക്കട കോര്പറേഷന് ആരോഗ്യ വിഭാഗം പൂട്ടിച്ചു. എരഞ്ഞിക്കല്‍ ബൈപാസിലെ എംകെബി മാര്‍ക്കറ്റാണ് അടപ്പിച്ചത്.
ബുധനാഴ്ച അതിരാവിലെ മുതല്‍ പരിസരത്ത് ദുര്‍ഗന്ധം രൂക്ഷമായതോടെയാണ് ഗോഡൗണില്‍ സൂക്ഷിച്ചത് മുഴുവനും ചത്ത കോഴികളെയാണെന്ന കാര്യം ശ്രദ്ധയില്‍ പെട്ടതെന്ന് അയല്‍ക്കാരനായ ഹരിദാസ് പറഞ്ഞു. തൂവല്‍ മാറ്റാത്ത ചത്ത കോഴികളെ കടയിലെ ഫ്രീസറിലും സൂക്ഷിച്ചിരുന്നു. പുലര്‍ച്ചെ ലോറിയില്‍ കൊണ്ടുവന്നിറക്കിയത് ചത്ത കോഴികളെയാണെന്നു നാട്ടുകാര്‍ ആരോപിച്ചു.
കടയില്‍ സൂക്ഷിച്ച 1400 ചത്ത കോഴികളെ കോര്‍പറേഷന്റെ മാലിന്യ ഏജന്‍സി എടുത്തു മാറ്റി. കടയില്‍ നേരത്തെയുണ്ടായിരുന്ന അവശേഷിക്കുന്ന ജീവനുള്ള കോഴികളെയും മാറ്റി.
കടയുടമയായ സി.പി.റഷീദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സലില്‍ പറഞ്ഞു. കടയുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അറിയിച്ചു. പരാതിയെത്തുടര്‍ന്നു കോര്പറേഷന് കൗണ്‍സിലര്‍ ഇ.പി. സഫീന, എലത്തൂര്‍ പൊലീസ്, കോര്പറേഷന് ആരോഗ്യ വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി.
ഇന്ന് കടയും പരിസരവും അണു നശീകരണം നടത്തി ആരോഗ്യ വിഭാഗം വീണ്ടും പരിശോധിക്കും.