106 ദിവസം നീണ്ട ഐതിഹാസികമായ ഗാന്ധി വായന; ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിൽ മഹാരാഷ്ട്രയിൽ നിന്നും സാംസ്കാരികവിനിമയ യാത്രാ സംഘമെത്തി
മേപ്പയൂര്‍: മേപ്പയൂര്‍ ജി.വി.എച്ച്. എസ്.എസില്‍ മഹാരാഷ്ട്രയിൽ നിന്ന് സാനേ ഗുരുജി സ്മാരകസമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ സാംസ്കാരിക വിനിമയ യാത്രാ സംഘമെത്തി. ‘ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനം – ഒരു വിദ്യാലയം ഗാന്ധിയുടെ ആത്മകഥ വായിക്കുന്നു’ എന്ന പേരില്‍ 106 ദിവസം നീണ്ടു നിന്ന ഐതിഹാസികമായ ഗാന്ധി വായനാ പരിപാടി സ്കൂളില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംഘം സ്കൂളിലെത്തിയത്.
എഴുത്തുകാരനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ഡോ.സഞ്ജയ് മംഗൾ ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്. ഡോ. സഞ്ജയ് മംഗൾ ഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ജാതി മത ദേശ ഭേദമന്യേ മനുഷ്യരുടേത് മാത്രമല്ല പ്രകൃതിയും മറ്റ് ജീവജാലങ്ങളുമുൾക്കൊള്ളുന്ന പ്രാപഞ്ചിക ബോധമാണ് ഇന്ത്യയെന്ന ആശയമെന്നും, അതാണ് ഇന്ത്യൻ ഭരണഘടനയുടെ സത്തയെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഗോത്രദീപം ഗ്രന്ഥാലയത്തിന്റെ ആദിവാസി നൃത്തസംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് ദേശീയോദ്ഗ്രഥന ഉത്സവത്തിന് വേദിയൊരുക്കിയത്.
ഗാന്ധിയുടെ ഉപ്പുസത്യാഗഹ സമരത്തിൽ ആകൃഷ്ടനായി സ്വാതന്ത്ര്യ സമരത്തിലേക്ക് അണിചേർന്നയാളാണ് മറാഠി സാഹിത്യത്തിൽ ജനപ്രീതി നേടിയ നിരവധി കഥകളെഴുതിയ സാനെ ഗുരുജി. 2024 ഡിസംബർ 24 സാനെഗുരുജിയുടെ 125-ാം ജന്മദിനമാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിച്ചു കൊണ്ട് സാംസ്കാരികവിനിമയ യാത്രാ സംഘം ഭാരത പര്യടനം നടത്തുന്നത്.
പരിപാടിയുടെ ഭാഗമായി ആദിവാസികളുടെ പരമ്പരാഗത കലാവിഷ്കാരങ്ങളായ വട്ടക്കളി, കോൽക്കളി, കമ്പളനാട്ടി, നാടൻപാട്ട്, മറാഠിയിലും ഹിന്ദിയിലുമുള്ള ദേശഭക്തിഗാനങ്ങൾ എന്നിവ അരങ്ങേറി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2മണിക്ക് സംഘടിപ്പിച്ച പരിപാടി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ നാടൻപാട്ട് കലാകാരൻ മജീഷ് കാരയാട് മുഖ്യാതിഥിയായിരുന്നു.
പി.ടി.എ പ്രസിഡന്റ് വി.പി ബിജു അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എം ഷാജു ആമുഖാവതരണം നടത്തി. എൻ.എസ്.എസ് ലീഡർ അനൻ സൗരെ ഭരണഘടനയുടെ ആമുഖം വായിച്ചു. വിജയരാഘവൻ ചേലിയ, സീരത് സത്പുരെ, ബാബാസാഹെബ് മെഹ്ബൂബ് നെതാഫ്, മാധുരി പാട്ടീൽ, സി.വി.സജിത്, മിഥുൻ ചന്ദ്ര എന്നിവർ സംസാരിച്ചു.
Description: Cultural exchange tour group from Maharashtra arrived at GVHSS Meppayyur