മേപ്പയ്യൂർ സ്വദേശിയായ മാധ്യമപ്രവര്‍ത്തകര്‍ കെ.എം.ബഷീറിന്റെ കൊലപാതകക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി


കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നരഹത്യാക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസാണ് ഹരജി പരിഗണിച്ചത്.

കേസില്‍ 304 പ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു. അമിതവേഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായാണ് വിവരം.

അതേസമയം, അപകടസമയത്ത് ശ്രീറാമിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെ കേസില്‍ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. അവര്‍ നല്‍കിയ ഡിസ്ചാര്‍ജ് പെറ്റീഷന്‍ കോടതി അംഗീകരിക്കുകയായിരുന്നു.

2019-ലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് കെ.എം. ബഷീര്‍ മരിച്ചത്. കേസില്‍ തനിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അപകട സമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും ഡ്രൈവിങ് സീറ്റില്‍ നിന്ന് പുറത്തേക്കിറങ്ങി ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും സാക്ഷിമൊഴിയുണ്ടായിരുന്നു.