ദുരിതമനുഭവിക്കുന്നവർക്ക് വാട്ടർ ടാങ്കും പ്രതിദിനം ആയിരം ലിറ്റർ വെള്ളവും നൽകണം; വഗാഡ് ലേബർ ക്യാമ്പ് പ്രവർത്തനം പൂർണ്ണമായി സ്തംഭിപ്പിച്ച് ഉപരോധ സമരത്തിനൊരുങ്ങി സി.പി.എം (വീഡിയോ കാണാം)
കൊയിലാണ്ടി: കക്കൂസ് മാലിന്യത്താല്‍ കുടിവെള്ളം മലിനമായ വീടുകളില്‍ വെള്ളമെത്തിക്കണമെന്ന ആവശ്യവുമായി ഉപരോധ സമരത്തിനൊരുങ്ങി സി.പി.എം നന്തി ലോക്കൽ കമ്മിറ്റി. വഗാഡ് ലാബർ ക്യാമ്പിലെ അശാസ്ത്രിയ നിർമ്മാണ രീതി കാരണം പ്രദേശത്തെ കിണറുകൾ കക്കൂസ് മാലിന്യം കലർന്ന് മലിനമായതിനെത്തുടർന്ന് ക്യാമ്പ് അടച്ച് പൂട്ടണമെന്ന ആവശ്യവും ഉന്നയിച്ചു.
ഒപ്പം ദുരിതമനുഭവിക്കുന്നവർക്ക് ആയിരം ലിറ്റർ വാട്ടർ ടാങ്കും പ്രതിദിനം 1000 ലിറ്റർ വെള്ളവും നൽകാൻ കമ്പനി തയ്യാറാവുക, ചുറ്റുമതിൽ ബലപ്പെടുത്തുക, മലിനമായ കിണറുകൾ ഉടനടി ശുദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് നാളെ ഉപരോധസമരം നടത്തുക. രാവിലെ 9 മണി മുതൽ വഗാഡ് ലാബർ ക്യാമ്പ് പ്രവർത്തനം പൂർണ്ണമായി സ്തംഭിപ്പിച്ച് കൊണ്ടായിരിക്കും സമരം.
മനുഷ്യാവകാശങ്ങൾ ലംഘിച്ച് കൊണ്ട് അനധികൃതമായി പ്രവർത്തിക്കുന്ന ലാബർ ക്യാമ്പ് അടച്ച് പൂട്ടാൽ ആർ.ഡി.ഓ സ്റ്റോപ്പ് മെമ്മോ നൽകിയിട്ട് പോലും പ്രദേശവാസികളെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന ഈ ലാബർ ക്യാമ്പിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾ തുടർന്നും നടത്തുമെന്നും കമ്മിറ്റി പ്രഖ്യാപിച്ചു.
ജലമെത്തിക്കണമെന്ന ആര്‍.ഡി.ഒയുടെ ഉത്തരവ് കമ്പനി പാലിക്കാത്തതിനെ തുടർന്ന് കുടിവെള്ളമില്ലാതെ പ്രദേശവാസികള്‍ ബുദ്ധിമുട്ടിലായിരുന്നു. ഒടുവിൽ സി.പി.എം നന്തി ലോക്കല്‍ കമ്മിറ്റി നിര്‍ദേശപ്രകാരം പ്രവര്‍ത്തകര്‍ രാത്രി പത്തുമണിയോടെ വീടുകളില്‍ വെള്ളമെത്തിക്കുകയായിരുന്നു.
കിണര്‍ മലിനമായ വീടുകളില്‍ മാര്‍ച്ച് 17 മുതല്‍ കമ്പനി ചെലവില്‍ വെളളമെത്തിക്കണമെന്നായിരുന്നു ആര്‍.ഡി.ഒയുടെ ഉത്തരവ്. അതുവരെ വെള്ളമെത്തിച്ചതിന്റെ ചെലവ് കമ്പനിയില്‍ നിന്ന് ഈടാക്കുമെന്നും ആര്‍.ഡി.ഒ വ്യക്തമാക്കിയിരുന്നു. പതിനേഴാം തിയ്യതിയും പതിനെട്ടാം തിയ്യതിയും വെള്ളമെത്തിച്ചെങ്കിലും ഇന്നലെ മുതല്‍ കമ്പനി വീടുകളിലേക്ക് വെളളം കൊണ്ടുവന്നില്ലെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
മലിനജലം കലര്‍ന്ന് പ്രദേശത്തെ വീടുകളിലെ വാട്ടര്‍ടാങ്കും ടാപ്പുകളുമെല്ലാം ഉപയോഗശൂന്യമായിരിക്കുകയാണ്. ശ്രീശൈലം കുന്നിലെ വഗാഡിന്റെ ലേബര്‍ ക്യാമ്പില്‍ കക്കൂസ് മാലിന്യങ്ങള്‍ ശരിയാംവിധം നിര്‍മാര്‍ജ്ജനം ചെയ്യാത്തതാണ് താഴെയുള്ള നിരവധി വീടുകളിലെ കിണര്‍ മലിനമാകാന്‍ ഇടയാക്കിയത്.