ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ താല്‍ക്കാലിക ഡ്രൈവര്‍ നിയമനം; കുറ്റക്കാര്‍ക്കെതിരെ കര്‍ശനനിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം


പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ താല്‍ക്കാലിക ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ അഫി ഡഫിറ്റില്‍ കള്ള ഒപ്പിട്ട് നല്‍കിയവര്‍ക്കെതിരെ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ അടിയന്തിരമായി അന്യേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

അപ്പീല്‍ സത്യവാങ്ങ്മൂലത്തില്‍ കള്ള ഒപ്പിട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത ഭരണസമിതി നടപടിക്കെതിരെ LDF പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പോലീസ് കേസ് എടുത്ത ‘സാഹചര്യത്തില്‍ ഫലപ്രദമായി അന്യേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ എം ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരാന്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു.

എട്ടാം തിയ്യതി ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനമായത്. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കന്നതടക്കമുള്ള കാര്യങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുമെന്നും സി.പി.എം ലോക്കല്‍ സെക്രട്ടറി ടി. മനോജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ മാസം 20നുള്ളില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി. സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ് മാസ്റ്റര്‍ ഏരിയാ കമ്മിറ്റി അംഗം പി.പി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ലോക്കല്‍ സെക്രട്ടറി ടി. മനോജ് എന്നിവര്‍ സംസാരിച്ചു.

Also Read..

ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനം; യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ നൽകിയ വ്യാജരേഖയുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു