റോഡ് പ്രവൃത്തി മുടങ്ങിയതിനെതിരായ സി.പി.ഐയുടെ വഴിതടയല്‍ സമരത്തിനിടെ വാഹനം കയറ്റാന്‍ ശ്രമം; ആവളയില്‍ സി.പി.ഐ-സി.പി.എം സംഘര്‍ഷം, നാല് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: ചെറുവണ്ണൂര്‍ ആവളയിലെ മഠത്തില്‍ മുക്കില്‍ സി.പി.ഐ-സി.പി.എം സംഘര്‍ഷം. രണ്ട് സി.പി.ഐ പ്രവര്‍ത്തകര്‍ക്കും സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സി.പി.ഐ പ്രവര്‍ത്തകരായ അഖില്‍ കേളോത്ത്, കെ.എം. ലെനീഷ് എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സി.പി.എം പ്രവര്‍ത്തകരായ പ്രമോദ്, സായന്ത് എന്നിവരെ പേരാമ്പ്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു.


പന്നിമുക്ക്, ആവള റോഡ് കരാര്‍ എടുത്തിട്ട് രണ്ടുവര്‍ഷത്തിലേറെയായെങ്കിലും ഇതുവരെ പണി പൂര്‍ത്തീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധ സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ആറുമാസം മുമ്പ് പ്രവൃത്തി വീണ്ടും തുടങ്ങിയെങ്കിലും പാതി വഴിയില്‍ നിര്‍ത്തിയതു കാരണം പൊടിശല്യവും യാത്രാബുദ്ധിമുട്ടുകളും രൂക്ഷമായിട്ടുണ്ട്.

[ad2]

ഈ സാഹചര്യത്തിലാണ് ആവള പ്രദേശത്തെ സി.പി.ഐ ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ ഇന്നലെ വഴിതടയല്‍ സമരം സംഘടിപ്പിച്ചത്. ഇതിനിടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോട്ടോര്‍സൈക്കിളുമായെത്തിയത് വാക്കുതര്‍ക്കത്തിന് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് വാക്കേറ്റവും ഉന്തും തള്ളും നടക്കുകയും ഇരുഭാഗത്തെയും പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റുകയും ചെയ്‌തെന്ന് സി.പി.ഐ ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
[ad1]