‘പാർട്ടിയോടും സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ച സഖാവ്‌’; എം നാരായണൻ മാസ്റ്ററെ അനുസ്മരിച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം


കൊയിലാണ്ടി: എം.നാരായണൻ മാസ്റ്റർ ഒരു തികഞ്ഞ കമ്യൂണിസ്റ്റായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ നേതാവ് എം നാരായണന്‍ മാസ്റ്ററുടെ സംസ്ക്കാരത്തിനുശേഷം നാരായണന്‍ മാസ്റ്ററുടെ വീട്ടില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ഏറ്റെടുക്കുന്ന എല്ലാ ചുമതലകളും പരിപൂർണമായി നിറവേറ്റണമെന്ന നിർബന്ധബുദ്ധിയായിരുന്നു നാരായണൻ മാസ്റ്റരുടെ പ്രത്യേകത. ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുകയും മറ്റുള്ളവരെ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അദ്ദേഹത്തിൻ്റെ സൗഹൃദം ഋജുവും മനോഹരവുമായിരുന്നു. നിറഞ്ഞ സ്നേഹമായിരുന്നു നാരായണൻ മാസ്റ്റർക്ക്‌. പാർട്ടിയോടും സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ച ഉത്തമനായ സഖാവായിരുന്നു അദ്ദേഹമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ സ്വാഗതമാശംസിച്ചു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു.

ഇ.കെ അജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. നാദാപുരം എംഎൽഎ ഇ.കെ വിജയൻ, നാട്ടിക എംഎൽഎ സി.സി മുകുന്ദൻ, ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡൻ്റ് കെ.ഇ ഇസ്മായിൽ, പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.എൻ ചന്ദ്രൻ, ടി.വി ബാലൻ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ ശ്രീകുമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ജീവാനന്ദൻ, വിവിധ കക്ഷി നേതാക്കളായ രാജേഷ് കീഴരിയൂർ, ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, റിയാസ് നന്തി, ദേവരാജൻ, വീമംഗലം യു.പി സ്കൂൾ അദ്ധ്യാപകൻ പി.പി ഷാജി, കനിവ് ചാരിറ്റബൾ ട്രസ്റ്റ് സെക്രട്ടറി ഒ പത്മനാഭൻ മാസ്റ്റർ, എൻ വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Description: CPI State Secretary Benoy Vishwam commemorating M Narayanan Master