പുറക്കാമല ഖനനം നിര്‍ത്തിവെയ്ക്കുക; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ മേപ്പയ്യൂര്‍ ലോക്കല്‍ സമ്മേളനം
മേപ്പയ്യൂര്‍: പുറക്കാമല ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് സി.പി.ഐ മേപ്പയ്യൂര്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്കൂളിലെ എം.കെ.നാരായണന് നഗറില്‍ നടന്ന സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ഗവാസ് ഉദ്ഘാടനം ചെയ്തു. സുരേഷ് കീഴന, അഡ്വ.പി.എ.ജലീല്‍, സതി ദേവരാജന്‍, പി.പ്രശാന്ത് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചത്. ഇന്നലെയായിരുന്നു പ്രതിനിധി സമ്മേളനം.
പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ.ബാലന് മാസ്റ്റര്‍, ജില്ലാ എക്സിക്യുട്ടീവ് അംഗം അജയ് ആവള, മണ്ഡലം സെക്രട്ടറി സി.ബിജു, ജില്ലാ കൗണ്‍സില്‍ അംഗം പി.ബാല ഗോപാലന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി ബാബു കൊളക്കണ്ടിയെയും ഒമ്പതംഗ ലോക്കല്‍ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. രണ്ടുദിവസമായി നടന്ന സമ്മേളനം മാര്‍ച്ച് എട്ടിനാണ് ആരംഭിച്ചത്. ഒ.കെ.അനിലിന്റെ നേതൃത്വത്തില്‍ കെ. ചോയി സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച പതാക ജാഥയും ജനകീയ മുക്ക് ചാലു പറമ്പ് രാജന് സ്മൃതി മണ്ഡപത്തില്‍ നിന്ന് സതി ദേവരാജന്റെ നേതൃത്വത്തിലുള്ള ബാനര്‍ ജാഥയോടെയുമാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. നരക്കോട് മഠത്തില്‍ കുളങ്ങര കുഞ്ഞിരാമന് സ്മൃതി മണ്ഡപത്തില്‍ നിന്ന് സി.കെ.ശ്രീധരന്റെ നേതൃത്വത്തിലുള്ള കൊടിമര ജാഥയും നരക്കോട് ടൗണില്‍ കേന്ദ്രീകരിച്ചാണ് സമ്മേളന നഗരിയില്‍ എത്തിയത്.