‘പുതിയ പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന് പ്രതീക്ഷ’; സി.പി.ഐ. കൊയിലാണ്ടി മേഖലാ ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: രാജ്യത്ത് പുതുതായി രൂപീകരിക്കപ്പെട്ട ‘ഇന്ത്യ ‘എന്ന പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന്റെ പ്രതീക്ഷയെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി. മേപ്പയ്യൂരില്‍ സി.പി.ഐ. കൊയിലാണ്ടി മേഖലാ ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേന്ദ്രസര്‍ക്കാര്‍ ഒത്താശയോടെയാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത്. മണിപ്പൂര്‍ കലാപത്തിനു പിറകില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെ ബില്ലുകള്‍ പാസ്സാക്കുന്നത് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ്. വനാവകാശ ഭേദഗതി നിയമം ഇതിനുദാഹരണമാണ്. ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി അദാനി ഗ്രൂപ്പിന് പതിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കേണ്ടതാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ രാഷ്ട്രീയ വിജയം നേടാന്‍ ‘ഇന്ത്യ’ യെന്ന പുതിയ കൂട്ടായ്മക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാമ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് എന്തിന് എന്ന വിഷയത്തില്‍ വി.എസ് പ്രിന്‍സ്, വിവിധ വിഷയങ്ങളില്‍ ജില്ലാസെക്രട്ടറി കെ.കെ. ബാലന്‍ മാസ്റ്റര്‍, പി സുരേഷ് ബാബു, അഡ്വ.പി ഗവാസ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ എക്‌സി. കമ്മിറ്റി അംഗം ആര്‍ ശശി ലീഡറായ ക്യാമ്പില്‍ പി ബാലഗോപാലന്‍ മാസ്റ്റര്‍ സ്വാഗതവും ബാബു കൊളക്കണ്ടി നന്ദിയും പറഞ്ഞു.

summary: CPI has organized a camp of Koyilandy region at Meppayur