”പൊതുസമൂഹം പ്രതീക്ഷിക്കുന്നവിധം വസ്ത്രം ധരിക്കാത്തവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റണം” കോടതി ഭാഷയിലെ ജന്‍ഡര്‍ മുന്‍വിധികള്‍ തിരുത്താന്‍ സുപ്രീം കോടതിയെ സ്വാധീനിച്ചവയില്‍ കൊയിലാണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ കോടതി പരാമര്‍ശവും
കൊയിലാണ്ടി: കോടതി ഭാഷയിലെ ജന്‍ഡര്‍ മുന്‍വിധികള്‍ തിരുത്താന്‍ സുപ്രീംകോടതിയെ സ്വാധീനിച്ചവയില്‍ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവും. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ച് കഴിഞ്ഞവര്‍ഷം സെഷന്‍സ് കോടതി നല്‍കിയ വിവാദ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുള്ള തെറ്റായ പരാമര്‍ശത്തിന് ഉദാഹരണമായി ഉദ്ധരിച്ചത്.
അതിജീവിതയുടെ വേഷം പ്രകോപനപരമാണെന്ന പരാമര്‍ശത്തോടെയാണ് അന്നു സെഷന്‍സ് കോടതി സിവിക് ചന്ദ്രനു ജാമ്യം അനുവദിച്ചത്. ഈ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. വിവാദ ഉത്തരവിലെ പ്രസ്തുത ഭാഗം ഉദ്ധരിച്ചുകൊണ്ട് സുപ്രീം കോടതി പൊതുസമൂഹം പ്രതീക്ഷിക്കുന്നവിധം വസ്ത്രം ധരിക്കാത്തവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു.
2020 ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവ എഴുത്തുകാരിയുടെ പരാതിയിലാണു സിവിക്കിനെതിരെ കൊയിലാണ്ടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജാമ്യ ഹര്‍ജിക്കൊപ്പം സിവിക് പരാതിക്കാരിയുടെ ചിത്രങ്ങള്‍ ഹാജരാക്കിയിരുന്നു. ഈ ചിത്രങ്ങള്‍ തെൡവായി കണക്കാക്കിയ കോടതി പരാതിക്കാരി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണു ധരിച്ചിരിക്കുന്നതെന്നു വ്യക്തമാണ്, അതിനാല്‍ ലൈംഗിക പീഡനമെന്ന ആരോപണം നിലനില്‍ക്കില്ല എന്ന് ഉത്തരവിടുകയായിരുന്നു.
സംഭവം നടന്നു രണ്ടരവര്‍ഷത്തിനു ശേഷമാണ് പരാതി ഉന്നയിച്ചത്. എന്തുകൊണ്ടു വൈകി എന്നതിനു കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല, അതിനാല്‍ പ്രതി ജാമ്യം അര്‍ഹിക്കുന്നുവെന്നും കോടതി 2022 ഓഗസ്റ്റ് 12ലെ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിക്രമം ഉണ്ടായ ഉടന്‍ പരാതിപ്പെട്ടില്ലെങ്കില്‍ പീഡന ആരോപണം കള്ളമാണെന്ന ധാരണ തെറ്റാണെന്നു സുപ്രീം കോടതി ശൈലീ പുസ്തകത്തില്‍ വ്യക്തമാക്കി.