പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയം; ആഹ്ലാദ പ്രകടനവുമായി കീഴരിയൂരിലെയും കൊല്ലത്തെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കീഴരിയൂര്‍: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തില്‍ കൊയിലാണ്ടി മേഖലയിലെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. വി.വി.സുധാകരന്‍, നടേരി ഭാസ്‌കരന്‍, ഒ.കെ.ബാലന്‍, അന്‍സാര്‍ കൊല്ലം, പി.കെ.പുരുഷോത്തമന്‍, തന്‍ഹീര്‍ കൊല്ലം, പി.പി.നാണി, എന്‍.ദാസന്‍, ഉണ്ണിക്കൃഷ്ണന്‍ പഞ്ഞാട്ട്, പ്രസന്ന, സരിത എന്നിവര്‍ പങ്കെടുത്തു.

കീഴരിയൂരില്‍ യു.ഡി.എഫ് നേതൃത്വത്തിലും ആഹ്ലാദ പ്രകടനം നടന്നു. യു.ഡി.എഫ് ചെയര്‍മാന്‍ ടി.യു.സൈനുദ്ദീന്‍, കണ്‍വീനര്‍ ഇടത്തില്‍ ശിവന്‍, കെ.എം.സുരേഷ് ബാബു, ഒ.കെ.കുമാരന്‍, കെ.റസാക്ക്, എന്‍.ടി.ശിവാനന്ദന്‍, സത്താര്‍.കെ.കെ, ടി.എ.സലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കേരളരാഷ്ട്രീയം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 37719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തോടെയായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം. ഉമ്മന്‍ചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പില്‍, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. പോള്‍ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മന്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 14,726 വോട്ടുകള്‍ കൂടിയപ്പോള്‍ എല്‍ഡിഎഫിന് 12,684 വോട്ടുകള്‍ കുറഞ്ഞു. വെറും 6447 വോട്ടുകള്‍ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ടു.