സ്വാതന്ത്ര്യസമര സേനാനി എ.കെ കൃഷ്ണൻ മാസ്റ്റർ വിടപറഞ്ഞിട്ട് 29 വർഷം; ചരമവാർഷിക ദിനാചരണവുമായി ഊരള്ളൂർ മേഖല കോൺഗ്രസ് കമ്മറ്റി
കൊയിലാണ്ടി: സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവും ബഹുമുഖ പ്രതിഭയുമായിരുന്ന എ.കെ കൃഷ്ണൻ മാസ്റ്ററുടെ 29-ാം ചരമവാർഷികാചരണം സംഘടിപ്പിക്കുന്നു. കൊയിലാണ്ടി താലൂക്കിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഊരള്ളൂർ മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് രണ്ടിന് ഊരള്ളൂരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എ.കെ കൃഷ്ണൻ മാസ്റ്റർ 1932 കാലഘട്ടം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ അണിചേർന്നു. ബ്രിട്ടീഷുകാരുടെ ആജ്ഞാനുവർത്തികളായ ജന്മിമാർക്കും മാടമ്പികൾക്കുമെതിരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകി. അയിത്തോച്ചാടനം, കീഴ്ജാതിക്കാരുടെ ക്ഷേത്രപ്രവേശനം, പന്തിഭോജനം തുടങ്ങിയ നവോത്ഥാന മുന്നേറ്റങ്ങളിൽ സജീവമായി പങ്കെടുത്ത മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവാമായിരുന്നു.
പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ കുടിയായിരുന്ന അദ്ദേഹം. ലീഡർ കെ. കരുണാകരന്റെ സഹായത്തോടെ ഊരള്ളൂരിൽ ഓട് നിർമ്മാണശാല സ്ഥാപിച്ചതിലും അഡ്വ. ഇ നാരായണൻ നായർക്കൊപ്പം മുത്താമ്പി പാലം യാഥാർത്ഥ്യമാക്കുന്നതിലും അദ്ദേഹം നിസ്തുലമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. മാതൃകാ അധ്യാപകനും ഉജ്ജ്വല വാഗ്മിയും ബഹുഭാഷാ പണ്ഡിതനും സൈദ്ധാന്തികനും പാരമ്പര്യചികിത്സകനുമായിരുന്ന എ.കെ കൃഷ്ണൻ മാസ്റ്റർ.
അനുസ്മരണത്തോടനുബന്ധിച്ച് രാവിലെ എട്ടുമണി മുതൽ നടക്കുന്ന പുഷ്പാർച്ചന, സ്മൃതി സംഗമം, പൊതുസമ്മേളനം എന്നീ പരിപാടികൾ സംഘടിപ്പിക്കും. സ്മൃതി സംഗമം ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ നിർവഹിക്കും. ശശി ഊട്ടേരി അദ്യക്ഷത വഹിക്കും.