കര്‍ത്തവ്യ നിര്‍വഹണത്തിനിടെ കെ.എസ്.ഇ.ബി ജീവനക്കാരനെ മര്‍ദ്ദിച്ചു, വസ്തുവകകള്‍ വലിച്ചെറിഞ്ഞു; കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കെ.എസ്.ഇ.ബിയുടെ പരാതി


കൊയിലാണ്ടി: കെ.എസ്.ഇ.ബി ജീവനക്കാരനെ കര്‍ത്തവ്യനിര്‍വഹണത്തിനിടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ മര്‍ദ്ദിച്ചതായി പരാതി. മുനിസിപ്പാലിറ്റിയിലെ പതിനേഴാം വാര്‍ഡ് കൗണ്‍സിലറായ വെങ്ങളത്തുകണ്ടി രജീഷിനെതിരെയാണ് പരാതി. കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരന്‍ ഷാജി പരാതിപ്പെട്ടത് അനുസരിച്ച് അസിസ്റ്റന്റ് എഞ്ചിനിയറാണ് പൊലീസില്‍ പരാതി നല്‍കിയത്.

കറന്റ് ബില്‍ അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ ഡിസ്‌കണക്ട് ചെയ്യേണ്ടവരുടെ ലിസ്റ്റ് ഓഫീസില്‍ നിന്നും നല്‍കിയതു പ്രകാരം വെങ്ങളത്തുകണ്ടി ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ ഡിസ്‌കണക്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഷാജി ഈ വീട്ടിലെത്തിയപ്പോള്‍ തങ്ങള്‍ ബില്‍ അടച്ചതാണെന്ന് വീട്ടുകാര്‍ അറിയിച്ചു. സോഫ്റ്റുവെയര്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. അതിനാല്‍ പണം അടച്ചതായി കാണുന്നില്ലെന്നും ഓഫീസിലെത്തി ഇക്കാര്യം ഒന്നറിയിക്കണമെന്നും പറഞ്ഞ് ഡിസ്‌കണക്ട് ചെയ്യാതെ ഷാജി അവിടെ നിന്നും തിരിച്ചുപോരുകയും ചെയ്തു.

മറ്റ് വീടുകളിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ രജീഷ് ബൈക്കില്‍ എത്തി ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. കൂടാതെ ജീവനക്കാരന്റെ വണ്ടിയിലുണ്ടായിരുന്ന വാട്ടര്‍പ്രൂഫ് വയര്‍ വലിച്ച് എറിയുകയും ചെയ്തു.

ഈ സംഭവങ്ങള്‍ ഷാജി ഓഫീസില്‍ വിളിച്ച് അറിയിക്കുകയും തുടര്‍ന്ന് അവിടെ നിന്നും എ.ഇ സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു.

കെ.എസ്.ഇ.ബി അതോറിറ്റിക്ക് ഷാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പൊലീസിന് എ.ഇ പരാതി നല്‍കിയത്.