ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാക്കള്‍: കൊല്ലത്ത് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും സമുചിതമായി ആചരിച്ച് കോണ്‍ഗ്രസ്
കൊല്ലം: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും സമുചിതമായി ആചരിച്ച് കൊല്ലം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി. പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും കെ.പി.സി.സി മെമ്പർ പി.രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു.
‘ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്കുയർത്തിയ കരുത്തുറ്റ ഭരണാധികാരി എന്ന നിലയിൽ ഇന്ദിരാജിയും, സഹജീവി സ്നേഹത്തിന്റെ ആൾരൂപമായ ഉമ്മൻ ചാണ്ടിയും ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാക്കളാണന്ന് ടീച്ചർ പറഞ്ഞു. അതിജീവനത്തിനായി പോരാടുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച ഇന്ദിരാജിയുടെ നിലപാട് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും’ അവർ പറഞ്ഞു.
കെ.പി.എസ്.ടി.എ ജന: സെക്രട്ടറി പി.കെ. അരവിന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. നടേരി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, വി.വി സുധാകരൻ, എൻ. ദാസൻ, ശ്രീജാ റാണി, കെ.വി റീന, ഒ.കെ. ബാലൻ, എം.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഒ.കെ വിജയൻ, എം.വി സുരേഷ്, ബജീഷ് തരംഗിണി, ബാബു കോറോത്ത്, ഉണ്ണി പഞ്ഞാട്ട്, രാധാകൃഷ്ണൻ. കെ.കെ ഷീബ അരീക്കൽ, എന്നിവർ നേതൃത്വം നല്കി.