മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിട്ടും വടക്കുമ്പാട് സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടുമുള്ള വെല്ലുവിളി; ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് കോണ്‍ഗ്രസ്
ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം വ്യാപിച്ചിട്ടും പഞ്ചായത്ത് ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് തടയുകയായിരുന്നു.
വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മഞ്ഞപ്പിത്ത രോഗം പടര്‍ന്നു പിടിച്ചിട്ടും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ഉള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
പിന്നീട് പഞ്ചായത്ത് ഓഫീസ് കവാടത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉപരോധം നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.സുനന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ.അന്‍സാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് പ്രകാശന്‍ കന്നാട്ടി, സെക്രട്ടറി ഇ.ടി.സരീഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഇ.എന്‍.സുമിത്ത്, ഗ്രാമപഞ്ചായത്ത് അംഗം കെ.എം.അഭിജിത്ത്, സി.എം.പ്രജീഷ് വടക്കുമ്പാട്, വിജേഷ് കുളക്കണ്ടം, അരുണ്‍ രാജ് കടിയങ്ങാട് പാലം, എം.കെ.റംഷാദ്, കെ.ഇ.ശരത്, എം.കെ.നിഹാല്‍ നേതൃത്വം നല്‍കി.