‘കൊയിലാണ്ടി നഗരസഭയിലെ അഴിമതി ഭരണത്തിനെതിരെ’ പ്രക്ഷോഭ പരിപാടികളുമായി കോണ്‍ഗ്രസ്; മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന പദയാത്രയ്ക്ക് തുടക്കം


കൊയിലാണ്ടി: നഗരസഭയ്‌ക്കെതിരെ അഴിമതി ആരോപിച്ചു കൊണ്ടുള്ള കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം. 27 ബൂത്തുകളിലായി സംഘടിപ്പിക്കുന്ന 13 പദയാത്രകളിലൂടെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ നേരിട്ട് വിഷയാവതരണം നടത്തുകയാണ് പ്രക്ഷോഭ പരിപാടികളുടെ ആദ്യ ഘട്ടം. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന രീതിയിലാണ് പദയാത്ര വിഭാവനം ചെയ്തിരിക്കുന്നതെന്ന്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അരുണ്‍ മണമല്‍ പറഞ്ഞു.

നടേരി മേഖലയിലെ 117, 118 ബൂത്തുകളുടെ നേതൃത്വത്തിലുള്ള പദയാത്രയായിരുന്നു ആദ്യം നടത്തിയത്‌. ബൂത്ത് പ്രസിഡന്റുമാരായ ബാലകൃഷ്ണന്‍ എന്‍, റാഷിദ് മുത്താമ്പി എന്നിവര്‍ ജാഥ നയിച്ചു. മുന്‍ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സതീഷ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. യാത്ര ഇരു ബൂത്തുകളുടേയും എല്ലാ ഭാഗങ്ങളും സന്ദര്‍ശിശിച്ച്‌ സ്വീകരണമേറ്റുവാങ്ങുകയും സ്വീകരണയോഗങ്ങളില്‍ നഗരസഭയില്‍ നടന്ന അഴിമതിയുടെ വിശദാംശങ്ങള്‍ നേതാക്കള്‍ പൊതുജനങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കുകയും ചെയ്തു.

വൈകീട്ട് നടന്ന പൊതുസമ്മേളനം ഡി.സി.സി ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. അരുണ്‍ മണമല്‍, വി. പി. ഭാസ്‌കരന്‍, രത്നവല്ലി ടീച്ചര്‍, രാജേഷ് കീഴരിയൂര്‍, മുരളി തോറോത്ത്, രജീഷ് വെങ്ങളത്ത്കണ്ടി, കെ. പി. വിനോദ് കുമാര്‍, അഡ്വ. പി. ടി. ഉമേന്ദ്രന്‍, സായിഷ് കുമാര്‍, വേണുഗോപാല്‍, ദൃശ്യ എന്നിവര്‍ പ്രസംഗിച്ചു.

ശ്രീജ റാണി, ലാലിഷ പുതുക്കുടി, നീരജ്ലാല്‍ നിരാല, ജമാല്‍ മാസ്റ്റര്‍, രവി കൊല്ലോറക്കല്‍, പുതുക്കുടി നാരായണന്‍, ബാലന്‍കിടാവ്, ഷാജു പിലാക്കാട്ട്, വിജയലക്ഷ്മി ടീച്ചര്‍, ബാബുരാജ് എം കെ, മുഹമ്മദ് നിഹാല്‍, ശ്രീധരന്‍ പുഷ്പശ്രീ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.