കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യ ബസ് ഡ്രൈവറെ മൂന്നുപേര്‍ മര്‍ദ്ദിച്ചതായി പരാതി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അനന്യ ബസ് ഡ്രൈവര്‍ സുനിലാണ് മര്‍ദ്ദനമേറ്റത്. മേപ്പയ്യൂര്‍-കൊല്ലം റൂട്ടില്‍ ഇല്ലത്ത് താഴെ ഇന്ന് വൈകുന്നേരം 4.20നായിരുന്നു സംഭവം.

ടിപ്പര്‍ ലോറിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയ ബൈക്കുമായി ബസ് അല്പം അടുത്തുപോയിരുന്നു. ബൈക്കിന് സമീപമുണ്ടായിരുന്ന മൂന്നുപേര്‍ ഇതില്‍ പ്രകോപിതരായി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ബസ് ജീവനക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. സുനിലിന്റെ തലയ്ക്ക് പരിക്കുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.