അത്തോളിയില്‍ സാധനം വാങ്ങനെന്ന വ്യാജേന യുവാവ് കടയിലെത്തി; ജീവനക്കാരിയുടെ ശ്രദ്ധ തെറ്റിയപ്പോള്‍ പണവുമായി മുങ്ങി


അത്തോളി: സാധനം വാങ്ങനെന്ന വ്യാജേന കടയില്‍ നിന്ന് യുവാവ് പണവുമായി കടന്നെന്ന് പരാതി. അത്തോളി ജി.എം യു.പി സ്‌കൂള്‍ വേളൂരിന് സമീപം പെറ്റ്സ് ആന്റ് ലീഫ് കടയില്‍ വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം.

കടയില്‍ ആളില്ലാത്ത സമയത്തെത്തിയ യുവാവ് ജീവനക്കാരിയോട് അത്തോളി ജംഗ്ഷന്‍ ഏതാണെന്ന് ചോദിക്കുകയും പട്ടിയുടെ തീറ്റ,ബെല്‍റ്റ് എന്നിവ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് എടുക്കാനായി ജീവനക്കാരി തിരിഞ്ഞപ്പോഴേയ്ക്കും ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് യുവാവ് നടന്നുപോവുകയായിരുന്നു.

സംശയം തോന്നിയ ജീവനക്കാരി മേശവലിപ്പ് തുറന്ന് നോക്കിയപ്പോള്‍ പണം കാണാത്തതിനെ തുടര്‍ന്ന് യുവാവിന്റെ പിന്നാലെ ഓടി. പിറകില്‍ ആളുണ്ടെന്ന് മനസ്സിലാക്കിയ യുവാവ് പഴയ പോലീസ് സ്റ്റേഷന്റെ പുറകിലേക്ക് ഓടിമറിഞ്ഞു. ഇയാളെ കാണാതായതോടെ ജീവനക്കാരി പോലീസ് സ്റ്റേഷനില്‍ എത്തി എസ്.ഐ യെ വിവരം ബോധിപ്പിച്ചു.

തുടര്‍ന്ന് പോലീസുകാര്‍ സമീപ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. കടയില്‍ നിന്നും 1850 രൂപയാണ് കാണാതായതെന്ന് ജീവനക്കാരി പറയുന്നു. യുവാവ് ഓടിയ സ്ഥലങ്ങളില്‍ നിന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.  അടുത്തുള്ള സ്വകാര്യലാബിന്റെ സി.സി.ടി.വിയില്‍ യുവാവ് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം വാട്സ് ആപ്പ് വഴി പ്രചരിക്കുന്നുണ്ട്.

Summary: Complaint that the young man entered the shop with money on the pretense of buying goods.