കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മണിയൂർ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി; അമ്മയും മകനും അറസ്റ്റിൽ


വടകര: കാനഡയിലെക്ക് വിസ വാഗ്ദാനം ചെയ്ത് മണിയൂർ സ്വദേശിയിൽ നിന്നും പണം തട്ടിയെടുതെന്ന പരാതിയിൽ അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലത് ഗ്രൂപ്പ് പോർട്ട്‌ ട്രാവൽ ആൻഡ് ലോജിസ്റ്റിക്സ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന ഡോൾസി ജോസഫൈൻ സാജു, മകൻ രോഹിത് സാജു എന്നിവരാണ് അറസ്റ്റിലായത്. സി ഐ സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം എസ് ഐ മനോജ്‌ കുമാറും സംഘവും തിരുവനന്തപുരത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മണിയൂർ സ്വദേശി നിഖിൻ ലാൽ ആണ് പരാതിക്കാരൻ. കാനഡയിലേക്ക് ജോലി നൽകാമെന്നും ജോബ് വിസയ്ക്കായി 5 ലക്ഷം രൂപ വേണമെന്നും പ്രതികൾ ആവിശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ പലതവണ ആയി അഞ്ചേകാൽ ലക്ഷം രൂപ നിഖിൻ ലാൽ ഡോളിക്ക് നൽകി. വിസ റെഡി ആക്കുന്നതിനായി പാസ്പോർട്ടും കൈമാറിയിരുന്നു.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ നൽകിയ പൈസയോ തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് നിഖിൻ ലാൽ വടകര പോലീസിൽ പരാതി നൽകുകയായിരുന്നെന്ന് എസ് ഐ മനോജ്‌ കുമാർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രതികൾക്കെതിരെ സംസ്ഥാനത്താകെ സമാനമായ 26 കേസുകൾ ഉണ്ടെന്നും എസ് ഐ പറഞ്ഞു. ഡോളിയെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രോഹിത്തിനെ നാളെ കോടതിയിൽ ഹാജരാക്കും.