ഇന്‍സ്റ്റാഗ്രാം പേജിനെ ചൊല്ലി തര്‍ക്കം; ഉള്ളിയേരി പാലോറ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
ഉള്ളിയേരി: പാലോറ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. മുഹമ്മദ് സിനാന്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ വിളിച്ചു വരുത്തി മര്‍ദിച്ചതായാണ് പരാതി. ക്ലാസിന്റെ പേരില്‍ ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമെന്നാണ് ലഭിക്കുന്ന വിവരം.
സിനാന്‍ അടങ്ങുന്ന സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിന്റെ പേരില്‍ ഉണ്ടാക്കിയ ഇന്‍സ്റ്റാഗ്രാം പേജില്‍ ഓണപൂക്കളത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ദനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിന്റെ പേരില്‍ ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങാന്‍ പാടില്ലെന്നും, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് അതിന് അവകാശമുള്ളൂവെന്ന് പറഞ്ഞായിരുന്നു അക്രമണമെന്നാണ് വിവരം.
ഇന്നലെ സ്‌ക്കൂളിലെത്തിയ സിനാനെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. സിനാനും കൂടെയുണ്ടായിരുന്ന ഒരു കുട്ടിക്കും മാത്രമാണ് മര്‍ദനമേറ്റത്. മറ്റുള്ള കുട്ടികളെ അക്രമിക്കുമെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതായാണ് വിവരം. വീട്ടിലെത്തിയ സിനാന്‍ ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Description: Complaint that a school student was beaten up by a group of plus two students