പേരാമ്പ്ര ചേര്‍മലയില്‍ ടൂറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തിക്കായി അനധികൃതമായി കുടിവെള്ളം എടുക്കുന്നതായി പരാതി; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ചേര്‍മലയില്‍ ടുറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി അനധികൃതമായി വെളളം എടുക്കുന്നതായി പരാതി. ചേര്‍മലയിലെ നടുക്കണ്ടി മീത്തല്‍ എസ്.സി കുടിവെളള പദ്ധതിയില്‍ നിന്നുമാണ് കരാറുകാര്‍ നിര്‍മ്മാണത്തിനായി വെളളം എടുക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
സമീപദിവസങ്ങളിലാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഡി.ടി.പി.സിക്ക് കീഴില്‍ നടക്കുന്ന ടൂറിസം പദ്ധതി പാര്‍ക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാര്‍പ്പിനായി കരാറുകാര്‍ ടാങ്കില്‍ നിന്നും മേട്ടോര്‍ വച്ച് വെളളം എടുക്കുകയായിരുന്നു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോ പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ താനോ കുടിവെള്ള കമ്മറ്റിയോ അറിയാതെ ആണ് അനധികൃതമായ ഈ കുടിവെള്ളം നിര്‍മ്മാണ പ്രവൃത്തിക്കായി ഉപയോഗിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ അര്‍ജുന്‍ കറ്റയാട്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
രണ്ട് ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് ഇവിടുത്തെ ജനങ്ങള്‍ക്ക് വെളളം ലഭിക്കുന്നതെന്നും നവീകരണ പ്രവൃത്തിക്കായി ഫണ്ട് അനുവദിക്കാത്തതിനാല്‍ പലപ്പോഴും പൈപ്പ് പൊട്ടുന്നത് അടക്കമുളള പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തരമൊരു പ്രവൃത്തി കരാറുകാരില്‍ നിന്നും ഉണ്ടായത്.
നിലവില്‍ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളോ കമ്മറ്റിയോ അറിയാതെയാണ് വെള്ളം എടുക്കുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മോട്ടോര്‍ വച്ച് വെളളം എടുക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്താകുന്നത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അര്‍ജുന്‍ കറ്റയാട്ട് പറഞ്ഞു.