കൂമുള്ളിയില്‍ ബസ് ജീവനക്കാരും കാര്‍ യാത്രക്കാരും തമ്മിലുള്ള തര്‍ക്കം; ചികിത്സയില്‍ കഴിയുന്ന കാര്‍ യാത്രക്കാരനെതിരെ വധഭീഷണിയെന്ന് പരാതി
കൊയിലാണ്ടി: കൂമുള്ളിയില്‍ ബസ് ജീവനക്കാരും കാര്‍ യാത്രക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാര്‍ യാത്രക്കാരന് നേരെ വധഭീഷണിയെന്ന് പരാതി. ഞായറാഴ്ചയാണ് സംഭവം. സംഘര്‍ഷത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവര്‍ ജംഷീറിനെയാണ് ആശുപത്രിയില്‍ രണ്ട് ആളുകള്‍ വന്ന് ഭീഷണിപ്പെടുത്തിയതെന്ന് ജംഷീറിന്റെ സുഹൃത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ജീപ്പിലെത്തിയ ഒരു സംഘം ആളുകള്‍ ജംഷീറിന്റെ സഹോദരനെയും ഭീഷണിപ്പെടുത്തിയതായി സുഹൃത്ത് പറഞ്ഞു. ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കാര്‍ യാത്രക്കാരും ബസ്സ് അധികൃതരും നേരത്തെ അത്തോളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് കാറും ബസ്സും പോലീസ് കസ്റ്റഡിയിലെത്തിരുന്നു. ആശുപത്രിയില്‍ എത്തി വധഭീഷണി മുഴക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കാര്‍ ഡ്രൈവറുടെ ആവശ്യം. സംഘര്‍ഷത്തെ തുടര്‍ന്ന് കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ സമരം നടത്തിവരികയാണ്.
ശനിയാഴ്ച വൈകീട്ട് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ കൂമുള്ളിയില്‍ വെച്ച് കാര്‍യാത്രികരും ബസ് ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാക്കുകയും മര്‍ദ്ദനത്തില്‍ എത്തുകയുമാണ് ഉണ്ടായത്. ബസ് ഡ്രൈവറുടെ പരാതിയില്‍ കാര്‍ ഉടമക്കെതിരെ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്. ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത തന്റെ കാറില്‍ ബസ് മനഃപൂര്‍വം ഇടിപ്പിച്ചതായും മര്‍ദിച്ചതായുമാണ് കാര്‍ യാത്രികന്‍ ജംഷിദിന്റെ പരാതി. എന്നാല്‍, കാര്‍ ബസിന് കുറുകെയിട്ട് കാര്‍ യാത്രക്കാര്‍ മര്‍ദിച്ചതായാണ് ബസ് ഡ്രൈവറുടെ പരാതി.