സബ് ജില്ലാ ഖോ ഖോ മത്സരത്തിനിടെ പരിശീലകയെയും നാല് വിദ്യാര്‍ത്ഥിനികളെയും വിദ്യാർത്ഥി മര്‍ദ്ദിച്ചതായി പരാതി; മർദ്ദിച്ചത് കൊയിലാണ്ടി ബോയ്‌സ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥി


കൊയിലാണ്ടി: സബ് ജില്ലാ ഖോ ഖോ മത്സരത്തിനിടെ പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഖോ ഖോ പരിശീലകയെയും നാല് വിദ്യാര്‍ത്ഥിനികളെയും കൊയിലാണ്ടി ബോയ്‌സ് ഹൈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചതായി പരാതി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മത്സരത്തിനിടെ പന്തലായനി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ അപ്പീല്‍ കൊടുക്കാനായി തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.

അപ്രതീക്ഷിതമായി പുറത്ത് നിന്നും ഗ്രൗണ്ടിലേക്ക് ബോയ്‌സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥി ഓടി വരികയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഖോ ഖോ പരിശീലകയുടെ തൊണ്ടയ്ക്കും മൂക്കിനും കൈ കൊണ്ട് ഇടിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പരിശീലകയുടെ മകളടക്കമുള്ള നാല് വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഒരു കുട്ടിയുടെ മൂക്കിനും, താടിയെല്ലിന് പരിക്കേറ്റു. മറ്റു മൂന്ന് കൂട്ടികളുടെ കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്. ഉടന്‍ തന്നെ പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി

സംഭവത്തില്‍ സംഘാടകര്‍ കൃത്യമായി ഇടപെട്ടില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ സംഭവം കണ്ട് ആളുകള്‍ കൂടിയതോടെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിയെ സംഘാടകര്‍ ഉടന്‍ തന്നെ ഗ്രൗണ്ടില്‍ നിന്നും മാറ്റിയെന്നും ആരോപണമുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.