ഗെയിമുകള്‍ക്കും ഫുഡ് കോര്‍ട്ടിനുമൊപ്പം സ്‌റ്റേജ് പരിപാടികളും, കുടുംബത്തോടൊപ്പം വൈകുന്നേരങ്ങള്‍ ആഘോഷമാക്കാം; കോംപ്കോസ് കൊയിലാണ്ടി ഫെസ്റ്റ് 20 മുതൽ
കൊയിലാണ്ടി: മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോംപ്കോസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി 5 വരെ നടക്കും. ഒന്നര ഏക്കർ വിസ്തൃതിയുള്ള ഫെസ്റ്റ് ഗ്രൗണ്ട് ഒരുക്കുന്നതിന്റെ ഭാഗമായി പന്തൽ പ്രവർത്തി ആരംഭിച്ചു. പന്തലിന്റെ കാൽനാട്ടൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജും ചേർന്ന് നിർവ്വഹിച്ചു.
കൊയിലാണ്ടി റെയിൽവേ പാലത്തിന് സമീപം മുത്താമ്പി റോഡിന് കിഴക്കുവശം ഗ്രൗണ്ടിലാണ് ഫെസ്റ്റ് നടക്കുക. വൈകീട്ട് മൂന്ന് മുതൽ രാത്രി 9.30 വരെയാണ് ഫെസ്റ്റ് പ്രവര്‍ത്തന സമയം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നിരവധി അമ്യൂസ്മെന്റ് ഉപകരണങ്ങൾ, ഫുഡ് കോർട്ട്, വ്യാപാര സ്റ്റാളുകൾ, ഫാമിലി ഗെയിം, കാർഷിക നഴ്സറി എന്നിവയ്ക്ക് പുറമെ സ്റ്റേജ് പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
കോംപ്കോസ് പ്രസിഡണ്ട് അഡ്വ.കെ.സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ഷിജു ഇ.കെ അജിത്ത് കൗൺസിലർ എ.ലളിത, കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ. കെ വിജയൻ, നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി, എം സുരേന്ദ്രൻ, കോമത്ത് വത്സൻ എന്നിവർ സംസാരിച്ചു. എം.ബാലകൃഷ്ണൻ സ്വാഗതവും സി.കെ മനോജ് നന്ദിയും പറഞ്ഞു.
Description: Compcos koyilandy Fest from 20