വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസിന്റെ വിലയും കുറച്ചു; സിലിണ്ടറിന് 158 രൂപ കുറയും
കോഴിക്കോട്: വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. വിലക്കുറവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെയാണ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെയും വില കുറച്ചിരിക്കുന്നത്.
കൊവിഡ് കാലത്ത് പാചക വാതക സബ്‌സിഡി സര്‍ക്കാര്‍ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചെറിയ തോതില്‍ വില കുറച്ചിരിക്കുന്നത്.
33 കോടി പേര്‍ക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 75 ലക്ഷം പുതിയ ഉജ്വല യോജന കണക്ഷനുകള്‍ കൂടി നല്‍കാന്‍ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ മാസം 29 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആഗസ്റ്റ് 30 മുതല്‍ പാചകവാതക വിലക്കുറവ് പ്രാബല്യത്തില്‍ എത്തിയിരുന്നു. പ്രധാന മന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 703 രൂപയ്ക്ക് സിലിണ്ടര്‍ ലഭിക്കും.