വിളകള്‍ക്ക് രോഗം ബാധിച്ചോ? മൂടാടി പ്രാഥമിക വിള ആരോഗ്യ കേന്ദ്രം വന്നോളൂ, വിദഗ്ധ പരിശോധനയും മൂടാടി പഞ്ചായത്തുകാര്‍ക്ക് സൗജന്യ മരുന്നും


കൊയിലാണ്ടി: കാര്‍ഷിക വിളകളായ തെങ്ങ്, നെല്ല്, പഴം-പച്ചക്കറികള്‍ എന്നിവയ്ക്ക് രോഗബാധയേറ്റാല്‍ പരിശോധിക്കാന്‍ വിദഗ്ദരുടെ സേവനവും രോഗനിര്‍ണ്ണയത്തിന് ലബോറട്ടറി സൗകര്യവുമൊരുക്കി മൂടാടി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍. കൃഷി വകുപ്പിന്റെ ക്രോപ്പ് ഹെല്‍ത്ത് മാനേജ്മെന്റ് ഫണ്ടുപയോഗിച്ചാണ് മൂടാടി കൃഷി ഭവന് മുകളില്‍ ലബോറട്ടറിയും മറ്റ് കാര്യങ്ങളും സജ്ജമാക്കിയത്.

മൂടാടി ഗ്രാമ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലേയും കര്‍ഷകരെ ഉദ്ദേശിച്ചാണ് ലബോറട്ടറി തുടങ്ങിയത്. കാര്‍ഷിക വിളകള്‍ക്ക് വരുന്ന രോഗങ്ങള്‍ ശാസ്ത്രീയമായ പരിശോധനയിലൂടെ കൃത്യമായി കണ്ടെത്തി അതിനനുസരിച്ചുളള മരുന്നുകള്‍ നല്‍കുന്ന കേന്ദ്രമാണിത്. മൂടാടി ഗ്രാമ പഞ്ചായത്തിലുളളവര്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്‍കും. മറ്റുളളവര്‍ക്ക് മരുന്നുകള്‍ വാങ്ങാനുളള കുറിപ്പടി നല്‍കും.

കൂടുതല്‍ സങ്കീര്‍ണ്ണമായ രോഗമാണെങ്കില്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെയും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവും ഉപയോഗപ്പെടുത്തുമെന്ന് കൃഷി ഓഫീസര്‍ കെ.വി.നൗഷാദ് പറഞ്ഞു. മൈക്രോസ്‌കോപ്പ്, മാഗ്‌നോസ്‌കോപ്പ് എന്നിവയുടെ സഹായത്തോടെ ഏത് തരം രോഗാണുവാണ് വിളകളെ ബാധിച്ചതെന്ന് കൃത്യമായി കണ്ടെത്തിയാണ് മരുന്ന് നല്‍കുക. ജൈവ കീടനാശിനികളും മരുന്നുകളുമാണ് നല്‍കുക. മരുന്നുകള്‍ സൗജന്യമായും പ്രാദേശികമായും നല്‍കുകയാണ് ലക്ഷ്യം. ആവശ്യമായ മരുന്നുകള്‍ കൃത്യമായ അളവിലാണ് നല്‍കുക.

മൂടാടി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ ഫണ്ടുപയോഗിച്ചാണ് മരുന്നുകള്‍ വാങ്ങുക. ഏകദേശം 4500ലധികം കര്‍ഷകര്‍ മൂടാടി കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം പ്രയോജനപ്പെടുന്നതാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രം. തഞ്ചാവൂര്‍ വാട്ടം, മണ്ഡരി, കൂമ്പു ചീയല്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ കേരകര്‍ഷകര്‍ അനുഭവിക്കുന്നുണ്ട്. തണ്ട് തുരപ്പനാണ് വാഴ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെതിരെ നീമാ വിര നല്‍കുന്നുണ്ട്. ജൈവ മരുന്നാണ് രോഗത്തിനെതിരെ കൊടുക്കുന്നത്.

കീടനാശിനികള്‍ കൃത്യതയില്ലാതെ അമിതമായി നല്‍കിയാല്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. മരുന്നുകള്‍ എങ്ങനെ ഉപയോഗിക്കണം, എത്ര തോതില്‍ ഉപയോഗിക്കണം എന്നിവയെല്ലാം കര്‍ഷകര്‍ക്ക് പറഞ്ഞു കൊടുക്കും. കൃഷി സംബന്ധമായ പുസ്തകങ്ങള്‍, രോഗങ്ങളും പ്രതിവിധികളും രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ എന്നിവയെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

കൃഷിഭവന്‍ ഓഫീസ് സമയത്ത് ലാബ് സൗകര്യവും ലഭിക്കും. നിലവിലുളള ജീവനക്കാരെ ഉപയോഗിച്ചാണ് ലാബ് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത്. കാനത്തില്‍ ജമീല എം.എല്‍.എയാണ് കര്‍ഷകര്‍ക്കാകെ പ്രയോജനം ലഭിക്കുന്ന ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.മോഹനന്‍, എം.പി.അഖില, ടി.കെ. ഭാസ്‌കരന്‍, കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ പപ്പന്‍ മൂടാടി, വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത്, പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ്, മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ഗംഗാധരന്‍, കാര്‍ഷിക കര്‍മ്മ സേന സെക്രട്ടറി എം.വി.ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.