‘ഇതാണോ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൈതാനം!!’ മഴ പെയ്തതോടെ ചെളിക്കളമായി കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയം- വീഡിയോ
കൊയിലാണ്ടി: മഴ പെയ്തതോടെ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ചെളിക്കളമായ നിലയില്‍. ഓവുചാല്‍ സംവിധാനം ശാസ്ത്രീയമല്ലാത്തതിനാല്‍ സ്‌റ്റേഡിയത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്.
ദിവസവും വൈകുന്നേരം നൂറുകണക്കിന് കുട്ടികള്‍ ഇവിടെ പരിശീലനത്തിനായി എത്താറുണ്ട്. എന്നാല്‍ സ്റ്റേഡിയം ചെളിക്കളമായതോടെ നിരാശരായി മടങ്ങേണ്ട സ്ഥിതിയിലാണിവര്‍.
ഓവുചാല്‍ സംവിധാനത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരെ രൂക്ഷമായ ആരോപണമാണ് കായികപ്രേമികള്‍ ഉന്നയിക്കുന്നത്. സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ നിലവില്‍ പുരോഗമിക്കുന്നുണ്ട്. ചുറ്റുമതില്‍ നിര്‍മ്മാണം അടക്കമുള്ള സൗന്ദര്യവത്കരണ പരിപാടികളാണ് നടക്കുന്നത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ സുപ്രധാന ലക്ഷ്യമായ കായിക പരിശീലനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ കാര്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒട്ടുംതാല്‍പര്യം കാണിക്കുന്നില്ലയെന്ന വിമര്‍ശനമാണ് ഉയരുന്നത്.
റവന്യൂ വിഭാഗത്തിന്റെ കൈവശമായിരുന്ന ഹൈസ്‌കൂള്‍ മൈതാനി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 25 വര്‍ഷത്തേക്ക് ലീസിനു നല്‍കുകയായിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം പണിയുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മൈതാനത്തില്‍ കായിക പരിശീലനത്തിന് സൗകര്യം വര്‍ധിപ്പിക്കുന്നതിനൊന്നും വേണ്ട ശ്രദ്ധ നല്‍കാതെ അതിനെ ഒരു സാമ്പത്തിക സ്രോതസ്സായി മുന്നോട്ടുകൊണ്ടുപോകാനാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശ്രമിക്കുന്നതെന്നും വിമര്‍ശനമുണ്ട്. മൈതാനത്തിന് ഇരുഭാഗവും ഗാലറിയും അതോടൊപ്പം ഷോപ്പിങ് കോംപ്ലക്‌സും പണിത് മികച്ച വാണിജ്യകേന്ദ്രമാക്കുകയാണ് ചെയ്തിട്ടുള്ളത്. മികച്ച കളിക്കളം എന്ന കായികപ്രേമികളുടെ സ്വപ്നം കരിഞ്ഞു. 24 വര്‍ഷത്തോളമായി വാടകയിനത്തില്‍ വന്‍ തുകയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വന്തമാക്കിയത്.
ആദ്യകാലത്ത് പടിഞ്ഞാറു ഭാഗത്തു മാത്രമായിരുന്നു കച്ചവടക്കാര്‍ക്കു നല്‍കിയത്. കൊയിലാണ്ടി നഗരസഭ പഴയ ബസ് സ്റ്റാന്‍ഡ് പൊളിക്കുമ്പോള്‍ അവിടെയുള്ള കച്ചവടക്കാരെ കുടിയിരുത്താന്‍ എന്നു പറഞ്ഞ് കിഴക്കുഭാഗവും വാണിജ്യകേന്ദ്രമാക്കി. ഇവിടെ കച്ചവടം ചെയ്യുന്നവര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവരല്ല. കൊയിലാണ്ടിയില്‍ ഫയര്‍സ്റ്റേഷന്‍ ആവശ്യം ശക്തമായപ്പോള്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം അവര്‍ക്കും വാടകക്കു നല്‍കി. 2023 മാര്‍ച്ചില്‍ ലീസിന്റെ കാലാവധി കഴിയും. സ്റ്റേഡിയം ഉടന്‍ നവീകരിക്കണമെന്നും നഗരസഭ ഏറ്റെടുക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.