ഇരുവൃക്കകളും തകരാറിലായി ഓട്ടോ ഡ്രൈവര്‍ കാക്രാട്ട് കുന്നുമ്മല്‍ ബിജുവിനായി സഹപ്രവര്‍ത്തകര്‍ ഒരുമിച്ചു; ഒരുദിവസത്തിലെ ഓട്ടത്തിലൂടെ സമാഹരിച്ച് മൂന്നുലക്ഷത്തിലേറെ രൂപ, തുക കൈമാറി


കൊയിലാണ്ടി: ഇരുവൃക്കകളും തകരാറിലായ കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവര്‍ കാക്രാട്ട് കുന്നുമ്മല്‍ ബിജുവിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ സമാഹരിച്ച തുക കൈമാറി. ഒരു ദിവസത്തെ ഓട്ടത്തിലൂടെ സമാഹരിച്ച 3,57,425 രൂപയാണ് ബിജുവിന്റെ വീട്ടിലെത്തി കൈമാറിയത്.

ഓട്ടോ കോഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ എ.സോമശേഖരനാണ് ബിജുവിന് തുക കൈമാറിയത്. പരിപാടിയില്‍ എ.കെ.ശിവദാസ്, റാഫി, പി.വി.ഷാജി, ഗോപി ഷെല്‍ട്ടര്‍, ബാബു മണമല്‍, നിഷാദ് എന്നിവര്‍ പങ്കെടുത്തു. ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ മുഴുവന്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും ഓട്ടോ കോഡിനേഷന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ജൂലൈ 11നാണ് കൊയിലാണ്ടിയിലെ ഓട്ടോറിക്ഷകള്‍ ബിജുവിനുവേണ്ടി നിരത്തിലിറങ്ങിയത്. മുന്നൂറോളം ഓട്ടോറിക്ഷകള്‍ ഈ ഉദ്യമത്തിന്റെ ഭാഗമായിരുന്നു.

നടുവത്തൂര്‍ മഠത്തില്‍ താഴെയാണ് ബിജുവിന്റെ വീട്. മൂന്ന് വര്‍ഷത്തോളമായി വൃക്ക തകരാറിലായിട്ട്. ഇരുവൃക്കകളും തകരാറിലായതോടെ വൃക്ക മാറ്റിവെയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ഡോക്ടറുടെ നിര്‍ദേശം. ഏകദേശം 40ലക്ഷത്തോളമാണ് ചികിത്സാച്ചെലവ്.