അഞ്ച് മാസത്തോളമായി തൊഴിലില്ല; കൊയിലാണ്ടിയിൽ സിവിൽ സപ്ലൈ ഡിപ്പോ തൊഴിലാളികളികൾ പട്ടിണിയിലെന്ന് പരാതി


കൊയിലാണ്ടി: കൊയിലാണ്ടി സിവിൽ സപ്ലൈ ഡിപ്പോയില്‍ ഭക്ഷ്യ ധാന്യങ്ങൾ കൃത്യമായി വരാത്തതിനാല്‍ തൊഴില്‍ ഇല്ലാതായി ജീവിതം ബുദ്ധിമുട്ടിലാണെന്ന് തൊഴിലാളികള്‍. അഞ്ച് മാസത്തോളമായി ഈ സ്ഥിതി തുടരുന്നതിനാല്‍ കുടുംബങ്ങള്‍ പട്ടിണിയിലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ഏകദേശം 35 ഓളം മാവേലി സ്റ്റോറുകളിൽ നിന്നും സബ്‌സിഡി ഇനം ഭക്ഷ്യ ധാന്യങ്ങൾ കൊയിലാണ്ടി സിവില്‍ സപ്ലൈ ഡിപ്പോയില്‍ എത്തും. എന്നാല്‍ ഇത് നിലച്ചതോടെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുകയാണ്.

പ്രശ്‌നത്തില്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് സിവിൽ സപ്ലൈ ഡിപ്പോ ചുമട്ടു തൊഴിലാളി കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ഭക്ഷ്യ ധാന്യങ്ങൾ ഡിപ്പോയില്‍ എത്തിക്കാൻ നടപടി സ്വീകരിക്കുക, വിലക്കയറ്റം തടഞ്ഞു നിർത്തുക, തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക, തൊഴിൽസ്തംഭനം ഉണ്ടാകുമ്പോൾ തൊഴിലാളികൾക്ക് മിനിമം വേതനം നല്‍കാനും സർക്കാർ / സിവിൽ സപ്ലൈ വകുപ്പ് തയ്യാറാകണമെന്ന്‌ കൺവെൻഷൻ ആവശ്യപ്പെട്ടു.

യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. വി.ടി സുരേന്ദ്രൻ, കെ.കെ ഭാസ്കരൻ, സജീവൻ ടി.ടി, ഗോപാലൻ കാര്യാട്ട്, മുതലായവർ പ്രസംഗിച്ചു.