ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതി ഡി.ജി.പി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വെള്ളിയാഴ്ച അറിയിച്ചിരുന്നു. എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ യൂട്യൂബ് ചാനലിലേക്ക് ചോര്‍ന്നുകിട്ടുകയും പരേക്ഷ തലേന്ന് യൂട്യൂബ് ചാനലുകളില്‍ ഇതേ ചോദ്യങ്ങള്‍ വരികയും ചെയ്‌തെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് വിദ്യാഭ്യാസ മന്ത്രി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. പരീക്ഷാ പേപ്പര്‍ ചോര്‍ത്തി നല്‍കിയതാണെന്ന് സംശയിക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമായിരിക്കും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക. പൊതുവിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെ നടക്കുന്നതെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോര്‍ച്ചയുണ്ടാകില്ല. ചില വിഷയങ്ങളാണ് കൂടുതലും പുറത്തുപോകുന്നത്. മുന്‍കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ച് വിഷയം പരിശോധിക്കും.
സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നല്ല ശമ്പളം വാങ്ങി കുട്ടികളെ പഠിപ്പിക്കുന്നവര്‍ പ്രതിബദ്ധതയോടുകൂടിയും ഉത്തരവാദിത്തത്തോടുകൂടിയും മാതൃകാപരമായും പ്രവര്‍ത്തിക്കേണ്ടവരാണ്. എന്നാല്‍ സ്വകാര്യ കച്ചവട കമ്പനികളുമായി ബന്ധപ്പെട്ടുകൊണ്ട് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാല്‍ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.