കരിപ്പൂരില്‍ വിമാനത്താവളം വഴി 60 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ചോമ്പാല സ്വദേശിയായ യുവാവ് പിടിയില്‍


കോഴിക്കോട്: കരിപ്പൂരില്‍ 1059 ഗ്രാം സ്വര്‍ണമിശ്രിതവുമായി യുവാവിനെ കസ്റ്റംസ് പിടികൂടി. ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ ചോമ്പാല സ്വദേശിയായ മുഹമ്മദ് അഫ്‌സാനില്‍ (27) നിന്നുമാണ് മിശ്രിതം പിടികൂടിയത്.

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച നിലയില്‍ ഏകദേശം 60 ലക്ഷം രൂപ വില മതിക്കുന്ന 1059 ഗ്രാം സ്വര്‍ണമിശ്രിതമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നാലു ക്യാപ്‌സ്യൂളുകളായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണമിശ്രിതം.

പിടികൂടിയ മിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം അഫ്‌സാന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.