വാഗാഡ് ലോറികളുടെ മരണപ്പാച്ചിലില്‍ അപകടങ്ങള്‍ പതിവായിട്ടും ഒരുജീവന്‍ നഷ്ടമായിട്ടും കണ്ണ് തുറക്കാതെ അധികൃതര്‍; ഒറ്റരാത്രികൊണ്ട് കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കിയത് എട്ടരലക്ഷം രൂപയുടെ നഷ്ടം


കൊയിലാണ്ടി: അപകടകരമായ രീതിയില്‍ ഓടിച്ചു പോയ വഗാഡിന്റെ ലോറി ഇടിച്ച് ട്രാന്‍സ്‌ഫോര്‍മറും ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്ന സംഭവത്തില്‍ കെ.എസ്.ഇ.ബിയുടെ നഷ്ടം ഏത് രീതിയില്‍ നികത്തും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്ന് അധികൃതര്‍. നിലവില്‍ അറ്റകുറ്റപ്പണി നടത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അതേസമയം, കെ.എസ്.ഇ.ബിയ്ക്ക് വന്ന തകരാറില്‍ അറ്റകുറ്റപ്പണികള്‍ കമ്പനി ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും അതിനായി കരാറുകാരനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് വാഗാഡ് കമ്പനിയുടെ പ്രോജക്ട് മാനേജര്‍ അനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

അപകടത്തില്‍ എട്ടരലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബി കണക്കാക്കിയത്. പതിമൂന്ന് പോസ്റ്റുകളും ഒരു ട്രാന്‍സ്‌ഫോമറും അനുബന്ധ ഉപകരണങ്ങളും മാറ്റേണ്ടതുണ്ട്. ദേശീയപാതയുടെ കരാര്‍ ഏറ്റെടുത്ത അദാനിയുടെ കമ്പനിയുടെ ഉപകരാര്‍ ഏറ്റെടുത്ത വാഗാഡും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്തുന്ന സംബന്ധിച്ച കാര്യത്തില്‍ തീരുമാനം വൈകാന്‍ ഇടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബൈപ്പാസ് പ്രവൃത്തി നടക്കുന്ന മേഖലകളിലെ കേടുപാടുകള്‍ മാത്രമേ തങ്ങള്‍ വഹിക്കൂവെന്ന നിലപാടാണ് ആദാനിയുടെ കമ്പനിക്ക്. എന്നാല്‍ ജഡ്ജസ് ക്വാട്ടേഴ്‌സിന് സമീപത്തുവരുന്ന പ്രദേശങ്ങള്‍ ഇതിന് പുറത്താണ്.

ഏതായാലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി മുന്‍തൂക്കം നല്‍കുന്നതെന്നും അതിനാലാണ് കെ.എസ്.ഇ.ബി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

വാഗാഡിന്റെ ലോറികളുടെ അപകടകരമായ യാത്ര സംബന്ധിച്ചും മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും കാര്യമായ നടപടികളൊന്നും ഇവയ്‌ക്കെതിരെ ആര്‍.ടി.ഒ അടക്കമുള്ളവരില്‍ നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം അപകടമുണ്ടായ സ്ഥലത്തിന് ഏതാണ്ട് അടുത്തായി നടന്ന അപകടത്തില്‍ വാഗാഡ് ലോറിയിടിച്ച് ഇരുചക്ര വാഹനായാത്രികന്‍ മരണപ്പെട്ടത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ലോറികള്‍ പലതിനും നമ്പര്‍ പ്ലേറ്റില്ല. ഇത് ഇവയ്‌ക്കെതിരെ പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കൂടാതെ മിക്ക ലോറുകള്‍ക്കും പിന്‍ഭാഗത്ത് ഡോറില്ല. കല്ലും പാറക്കഷ്ണങ്ങളുമെല്ലാം നഗരമധ്യത്തിലൂടെ കൊണ്ടുപോകുന്നത് ഈ ലോറികളാണ്. പിറകില്‍ വരുന്ന വാഹനങ്ങളിലുള്ളവര്‍ക്ക് ഏറെ അപകടം സൃഷ്ടിക്കാവുന്ന ഈ യാത്രയ്‌ക്കെതിരെ പലതവണ പരാതികള്‍ ഉയര്‍ന്നിരുന്നു. ആര്‍.ടി.ഒയില്‍ നിന്നും നോട്ടീസും പിഴയും ലഭിച്ചെങ്കിലും നിയമലംഘനങ്ങള്‍ക്ക് അറുതിവന്നിട്ടില്ല.