അറബനമുട്ടിലെ പെരുമ നിലനിര്‍ത്തി ചിങ്ങപുരം സി.കെ.ജി; വടകരയില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടത് പേരാമ്പ്രയില്‍ തിരിച്ചുപിടിച്ചു


പേരാമ്പ്ര: സമയം പുലര്‍ച്ചെ 3 മണി, പേരാമ്പ്രയിലെ വിവി ദക്ഷിണാമൂര്‍ത്തി സ്മാരക ടൗണ്‍ ഹാള്‍. മനോഹരമായ ബൈത്തിന്റെ ഈണത്തിനൊത്ത് തുകല്‍ വലിഞ്ഞു മുറുക്കിയ അറബനയില്‍ താളങ്ങള്‍ മുറുകുന്നു. ശ്വാസമടക്കിപ്പിടിച്ചു നൂറു കണക്കിന് കാഴ്ചക്കാര്‍. അവസാനം ആകാംക്ഷക്ക് വിട നല്‍കി റിസള്‍ട്ട് വന്നപ്പോള്‍ അന്തരീക്ഷത്തില്‍ സി.കെ.ജിയുടെ ആരവം.

ലക്ഷദ്വീപില്‍ നിന്നും കേരളത്തില്‍ എത്തി ജനമനസുകള്‍ കീഴടക്കിയ അറബനമുട്ട് വര്‍ഷങ്ങള്‍ ആയി സ്‌കൂള്‍ കലോത്സവത്തില്‍ ചിങ്ങപുരം സി.കെ.ജി. എം.എച്ച്.എസ്.എസിന്റെ കുത്തകയാണ്. ഇത്തവണയും അത് ആവര്‍ത്തിച്ചു. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബന മുട്ടില്‍ ഒന്നാം സ്ഥാനം നേടി സി.കെ.ജി.എം.എച.്എസ്.എസ് ആ പാരമ്പര്യം നിലനിര്‍ത്തി.

മാപ്പിള കലയായ അറബനക്ക് ബൈത്ത് പാടിയത് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഋതു മുരളിയാണ്. മറ്റാരെക്കാളും മനോഹരമായി ഋതു മുരളിയിലൂടെ അറബി ബൈത്തുകള്‍ ഒഴുകിയെത്തിയപ്പോള്‍ കുട്ടികള്‍ അറബനയില്‍ താളപെരുക്കങ്ങള്‍ തീര്‍ത്തു. ഇത് ജനം ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് പുലര്‍ച്ചെ മൂന്നുമണിക്കും തിങ്ങിനിറഞ്ഞ പേരാമ്പ്ര ടൗണ്‍ഹാളിലെ വേദി.

കഴിഞ്ഞ തവണ വടകര വച്ച് കലോത്സവം നടന്നപ്പോള്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. അതിനാല്‍ തന്നെ ഇത്തവണത്തെ വിജയം ഇരട്ടി മധുരമുള്ളതാണ്. വര്‍ഷങ്ങള്‍ ആയി അറബനമുട്ട് കലാ രംഗത്തുള്ള സൈതലവി പൂക്കളത്തൂരിന്റെ മേല്‍നോട്ടത്തില്‍ ഇദ്ദേഹത്തിന്റെ ശിഷ്യനും സി.കെ.ജി.എം.എച്.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ഥിയുമായ അനീസ് പുറക്കാടാണ് ടീമിനെ പരിശീലിപ്പിച്ചത്. കേരളത്തിലെ തന്നെ അറിയപ്പെടുന്ന അറബന പരിശീലകരാണ് ഇരുവരും.