ഒരുക്കുന്നത് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പരിശീലന പദ്ധതി; പൂക്കാട് കലാലയത്തില്‍ കുട്ടികളുടെ മഹോത്സവം ‘കളി ആട്ടം’ ഏപ്രില്‍ 23 മുതല്‍
ചേമഞ്ചേരി: സുവര്‍ണ്ണ ജൂബിലി നിറവിലുള്ള പൂക്കാട് കലാലയത്തിന്റെ അഭിമുഖ്യത്തില്‍ ഏപ്രില്‍ 23 മുതല്‍ 28 വരെ ആറു ദിവസങ്ങളിലായി കുട്ടികള്‍ക്കായി അവധിക്കാല സര്‍ഗ്ഗ സംഗമം സംഘടിപ്പിക്കുന്നു. പ്രശസ്ത നാടക സംവിധായകന്‍ മനോജ് നാരായണന്‍, കുട്ടികളുടെ നാടക പ്രവര്‍ത്തകന്‍ എ.അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന കളി ആട്ടത്തിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 23ന് കാലത്ത് 10 മണിക്ക് കലാലയം സര്‍ഗ്ഗവനിയില്‍ വെച്ച് തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ ഡോ.അഭിലാഷ് പിള്ള നിര്‍വഹിക്കും.
ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി 500ല്‍ പരം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കാലത്ത് 6.15 മുതല്‍ വൈകിട്ട് 8.30വരെ നാടകവ്യായാമങ്ങള്‍, യോഗ എന്നിവയോടൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രത്യേക പരിശീലന പദ്ധതിയില്‍ കല, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ നിരവധി പ്രഗത്ഭരായ വ്യക്തികള്‍ പങ്കെടുക്കും. ദിവസേന വൈകിട്ട് 6.45ന്, കേരളത്തിലെ പ്രശസ്ത നാടകസംഘങ്ങള്‍ നാടകാവതരണം നടത്തും.
ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി കുട്ടികളി ആട്ടം എന്ന ത്രിദിനക്യാമ്പ് ഏപ്രില്‍ 25 മുതല്‍ 27 വരെ നടക്കും. അമ്മയൂട്ട്, വീടകയാത്ര, പ്രമുഖര്‍ പങ്കെടുക്കുന്ന സല്ലാപം എന്നിവ അനുബന്ധമായി ക്യാമ്പില്‍ വിഭാവനം ചെയ്യുന്നു. ജോബ് മഠത്തില്‍, വിപിന്‍ദാസ്, ഗിരിജ രാമാനുജം തഞ്ചാവൂര്‍, പ്രേംകുമാര്‍ വടകര, ഗിരീഷ് പി .സി പാലം, കലാമണ്ഡലം പ്രേം കുമാര്‍, കലാമണ്ഡലം പ്രശോഭ്, സുരേഷ് ബാബു എം. കെ, സുരേഷ് ബാബു ശ്രീസ്ഥ, സത്യന്‍ മുദ്ര, പ്രദീപ് മുദ്ര, മജീഷ് കാരയാട് എന്നിവര്‍ കുട്ടികളുമായി സംവദിക്കും. നടകോല്‍ സംഭവത്തില്‍ C/o ഓഫ് പൊട്ടന്‍ കുളം, തളപ്പ്, ഉടല്‍, ഏറ്റം, തൊഴിലാളി, പ്രകാശ് ടാക്കീസ്, ഹട്ട മലക്കപ്പുറം, ആയഞ്ചേരി വല്ല്യശ്മാന്‍ തുടങ്ങിയ 10 നാടകങ്ങളും അവതരിപ്പിക്കും.
ഏപ്രില്‍ 28ന്, കളി ആട്ടം ക്യാമ്പില്‍ രൂപപ്പെടുന്ന കുട്ടികളുടെ 12 കുഞ്ഞുനാടകങ്ങളും അവതരണയോഗ്യമാക്കും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ചെയര്‍മാനും വി.വി.മോഹനന്‍ ജനറല്‍ കണ്‍വീനറുമായുള്ള സ്വാഗതസംഘമാണ് കളിയാട്ടം ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. പി.ബാബുരാജ്, ഇ.ശ്രീജിത്ത്, യു.കെ.രാഘവന്‍, വി.വി.മോഹനന്‍, എ.കെ.രമേശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.