‘താരാട്ടുപാട്ടുപാടി പൊന്നോമനയെ ഉറക്കി കിടത്തി അലക്കാനായി പോയി, തിരികെ എത്തിയപ്പോൾ കാണുന്നത് കുളിമുറിയില്‍ അബോധാവസ്ഥയിലുള്ള മകനെ’; കൂത്താളിയില്‍ ഒരുവയസുകാരന് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന്റെ ഞെട്ടലിൽ നാട്
കൂത്താളി: കൂത്താളിയില്‍ ഒരുവയസും മൂന്നുമാസവും പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടത് കുളിമുറിയിലെ ബക്കറ്റില്‍ നിറച്ചുവെച്ച വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന്. കമ്മോത്ത് ഈര്പ്പാപ്പൊയില് ഗിരീഷിന്റെയും അജ്ഞലിയുടെയും മകന് ശബരിയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്.
ശബരിയെ ഉറക്കിക്കിടത്തി അലക്കാനായി പോയതായിരുന്നു അമ്മ അജ്ഞലി. പതിയെ പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ കുഞ്ഞ്. ഉറക്കമുണര്‍ന്ന ശബരി കുളിമുറിയിലേക്ക് പോകുകയും ബക്കറ്റില്‍ വീഴുകയുമായിരുന്നു. കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ നിന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. അച്ഛന് ഗിരീഷ് വിദേശത്താണ്.
Summary: child died drowning in bucket with water in kuthali