അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ എക്‌സൈസ് അധികൃതര്‍ ശക്തമായി ഇടപെടണം; ആവശ്യമുയര്‍ത്തി കൊയിലാണ്ടിയില്‍ നടന്ന ചെത്തുതൊഴിലാളി യൂണിയന്‍ വാര്‍ഷിക സമ്മേളനം


കൊയിലാണ്ടി: കള്ള് വ്യവസായ മേഖലയേയും തൊഴിലാളികളേയും ബാധിക്കുന്ന അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ ശക്തമായി ഇടപെട്ട് കേസെടുക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും എക്‌സൈസ് അധികൃതര്‍ തയ്യാറാകണമെന്ന് ചെത്തുതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) താലൂക്ക് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) 40-ാം താലൂക്ക് സമ്മേളനം കൊയിലാണ്ടി ചെത്തുതൊഴിലാളി മന്ദിരത്തിലെ ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ് എം.എ.ഷാജി അധ്യക്ഷനായി. സെക്രട്ടറി ആര്‍.കെ.മനോജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി.കെ.ജോഷി വരവുചെലവു കണക്കും അവതരിപ്പിച്ചു. ചെത്തുതൊഴിലാളി യൂണിയന്‍ ഹാളില്‍ മുന്‍ ഭാരവാഹികളായ ടി.ആര്‍.ബാബുരാജ്, കെ.കെ.സുരേന്ദ്രന്‍, പി.പി.സുധാകരന്‍ എന്നിവരുടെ ഫോട്ടോകള്‍ ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു.

തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കേരള സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ദാസന്‍ ക്യാഷ് അവാര്‍ഡ് നല്‍കി. ടി.കെ.ജോഷി സ്വാഗതവും എം.ശിവദാസന്‍ നന്ദിയും പറഞ്ഞു.

എം.എ.ഷാജിയെ പ്രസിഡന്റായും ടി.എം.നാരായണന്‍, ടി.എന്‍.ചന്ദ്രശേഖരന്‍, കെ.വി.ഗോപാലകൃഷ്ണന്‍, പി.എം.രമേശന്‍, പി.എം.സജിത്ത് എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. ആര്‍.കെ.മനോജാണ് സെക്രട്ടറി. എം.ശിവദാസന്‍, എം.ആര്‍.അനില്‍ കുമാര്‍, കെ.ടി.സിജേഷ്, പി.ടി.മനോജ് എന്നിവര്‍ ജോ സെക്രട്ടറിമാരാണ്. ട്രെഷറര്‍ ആയി ടി.കെ.ജോഷിയെ തെരെഞ്ഞെടുത്തു.