ഉയരത്തുനിന്നുള്ള വീഴ്ചയില്‍ തലകല്ലിലിടിച്ചു, വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചു; കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്


കോഴിക്കോട്: ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയില്‍ ഉണ്ടായ മുറിവാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയരത്തില്‍ നിന്നും വീണതിനെ തുടര്‍ന്നുണ്ടായ പരിക്കാണ് മരണ കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഴ്ചയില്‍ തല കല്ലില്‍ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റു. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചതും മരണകാരണമായതായും മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എങ്ങനെയാണ് ഉയരത്തില്‍ നിന്നുള്ള വീഴ്ചയുണ്ടായതെന്ന് വ്യക്തമല്ല.

വീടിന് സമീപമുളള മതിലില്‍ നിന്ന് പൊലീസിനെ കണ്ട് ചാടിയതാകം മരണകാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നിര്‍ണായക വിവരങ്ങളടങ്ങിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ച്.

ഏപ്രില്‍ 26ന് രാത്രിയാണ് ജിഷ്ണുവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഇതേദിവസം രാത്രി നല്ലളം പോലീസ് ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയിരുന്നു. പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെത്തി ജിഷ്ണുവിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണില്‍ വിളിച്ചുവരുത്തിയാണ് കൂട്ടിക്കൊണ്ട് പോയത്. അതിന് ശേഷം രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികില്‍ നാട്ടുകാരാണ് അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജിഷ്ണുവിനെതിരെ കല്‍പ്പറ്റ പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു കേസ്. മുണ്ടേരി ടൗണില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താന്‍ കല്‍പ്പറ്റ പൊലീസ്, നല്ലളം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജിഷ്മുവിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം.

അതേ സമയം കേസില്‍ ക്രൈം ബ്രാഞ്ചിനെതിരെ ആരോപണവുമായി ജിഷ്ുവിന്റെ അച്ഛന്‍ രംഗത്തെത്തി. പോലീസുകാരെ രക്ഷിക്കാനുള്ള അന്വേഷണമാണ് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഉദ്യോഗസ്ഥന്‍ നിഗമനത്തില്‍ എത്തിയിരുന്നെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ സുരേഷ് കുമാര്‍ പറഞ്ഞു.