ചളി തെറിച്ചതില്‍ പ്രകോപിതനായി കുട്ടികളെ മര്‍ദിച്ചു; ചെറുവണ്ണൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ ജീവനക്കാരനെതിരെ വ്യാപക പ്രതിഷേധം, കേസെടുത്ത് പോലീസ്‌


പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ ജീവനക്കാരന്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു. സ്‌ക്കൂളിലെ സ്വീപ്പര്‍ ഇരിങ്ങത്ത് സ്വദേശി അഷ്‌റഫ് ആണ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മേപ്പയൂര്‍ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ഫുട്‌ബോള്‍ കളിക്കുകയായിരുന്ന യുപി ക്ലാസിലെ രണ്ട് കുട്ടികളെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്. കളിക്കിടെ പന്ത് ചെളിയില്‍ വീണ് സമീപത്ത് കൂടെ പോവുകയായിരുന്ന ഇയാളുടെ ഷര്‍ട്ടില്‍ ചളി തെറിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ഒരു കുട്ടി ഇയാള്‍ക്ക് അരികിലേക്ക് എത്തി ക്ഷമ പറഞ്ഞു.

എന്നാല്‍ കുട്ടികള്‍ പറയുന്നത്‌ കേള്‍ക്കാന്‍ കൂട്ടാക്കതെ ഇയാള്‍ ഒരു കുട്ടിയുടെ മുഖത്ത് അടിച്ചു. അടിക്കുന്നത് കണ്ട സുഹൃത്തിനരികിലേക്ക് ഓടിവന്ന മറ്റൊരു കുട്ടിയുടെ തലയ്ക്ക് ഇയാള്‍ കുത്തുകയും ചെയ്തുവെന്നാണ് പരാതി.

വീട്ടിലെത്തിയ കുട്ടികള്‍ മാതാപിതാക്കളോട് കാര്യം പറയുകയും കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് അഷ്‌റഫിനെതിരെ മാതാപിതാക്കള്‍ കേസ് കൊടുക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ മുമ്പും ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്‌ക്കൂളിലെ ജോലി കൃത്യമായി ചെയ്യാതെ പലപ്പോളും മറ്റു പല ജോലികള്‍ക്കായി ഇയാള്‍ പോകാറുണ്ടെന്നാണ് ആക്ഷേപം. സ്‌ക്കൂളിലെ പ്രധാനാധ്യാപകനെ പോലും വിലവെക്കാതെയാണ് ഇയാളുടെ പ്രവൃത്തികള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. ഇയാള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ ഇന്ന് സ്‌ക്കൂളില്‍ പിടിഎ മീറ്റിങ്ങ് വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

അഷ്‌റഫിനെതിരെ നിയമപരമായി നടപടി എടുക്കണമെന്നാണ് എസ്.എഫ്.ഐ ആവശ്യപ്പെടുന്നത്. കൃത്യമായ നടപടി സംഭവത്തില്‍ ഉണ്ടായിട്ടില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോവാനാണ് തീരുമാനം.

Description: Cheruvannur Govt. High School employee beat students