ലൈഫ് ഭവന പദ്ധതി, പാര്‍ക്ക്, ഓപ്പണ്‍ ജിം, കളിസ്ഥലം തുടങ്ങി നിരവധി പദ്ധതികളുമായി ചെങ്ങോട്ടുകാവ് പഞ്ചായത്ത് ബഡ്ജറ്റ്


കൊയിലാണ്ടി: 2024-25 ലെ ചെങ്ങോട്ടുകാവ് പഞ്ചായത്ത് ബഡ്ജറ്റില്‍ ഹാപ്പിനസ്സ് പാര്‍ക്കിനും മൈതാനത്തിനും ഓപ്പണ്‍ ജിമ്മിനും തുക വകയിരുത്തി. ലൈഫ് ഭവനപദ്ധതി പ്രകാരം 112 വീടുകളുടെ നിര്‍മാണത്തിന് ഒരു ഗുണഭോക്താവിന് 4 ലക്ഷം രൂപ വീതം അനുവദിക്കുന്നതിനായി 4.48 കോടി രൂപയും നീക്കി വെച്ചു.

പട്ടികജാതി വിഭാഗത്തിലെ മുഴുവന്‍ പേര്‍ക്കും ലൈഫ് പദ്ധതി പ്രകാരം വീട് നല്‍കും. മൃഗാശുപത്രി കെട്ടിടത്തിന് 40 ലക്ഷവും, ജവാന്‍ സുബിനേഷ് സ്മാരക സബ് സെന്ററിന് 30 ലക്ഷവും, ഹോമിയോ ഡിസ്പന്‍സറിക്ക് 10 ലക്ഷവും ബഡ്‌സ് സ്‌കൂള്‍ വിപുലീകരണത്തിന് 11 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. അതി ദരിദ്രര്‍ – ആശ്രയ- ബി.പി.എല്‍ കുടുബത്തിന്റെ വീട് റിപ്പയറിനും തുക വകയിരുത്തിയിട്ടുണ്ട്.

38.09 കോടി വരവും 36.43 കോടി ചെലവും 1.66 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡണ്ട് പി.വേണു മാസ്റ്റര്‍ അവതരിച്ചത്. ഉല്പാദനമേഖലയ്ക്ക് 2.10 കോടിയും സേവന മേഖലയില്‍ 17.63 കോടിയും നീക്കി വെച്ചു. പട്ടികജാതി വിഭാഗത്തിനായി 72 ലക്ഷമാണ് മാറ്റിവെച്ചത്.

കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി, സമഗ്ര തെങ്ങ് കൃഷി, നേന്ത്രവാഴകൃഷി, ഇടവിളകൃഷി എന്നിവക്കും തുക മറ്റി വെച്ചു. ചേലോടെ ചെങ്ങോട്ടുകാവ് രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യക്തിഗത ഗാര്‍ഹിക ശൗചാലയമുള്‍പ്പെടെ ഒട്ടേറെ പദ്ധതികളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്കണവാടികളുടെ നവീകരണത്തിനും സ്ഥലമില്ലാത്തവക്ക് സ്ഥലമെടുപ്പിനും പദ്ധതിയുണ്ട്. ഭരണഘടനാ സാക്ഷരത- ഐ ടി സാക്ഷരതാ – ഫസ്റ്റ് എയ്ഡ് സാക്ഷരതാ എന്നീ പ്രത്യേക പരിപാടികളും ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആശാരി കണ്ടി റോഡ് ,ജ്യോതിപീടിക പുതിയോട്ടുതാഴെ റോഡ്, പരപ്പില്‍ കുനി കാന്ത്യാപറമ്പത്ത് റോഡ് ,ആഞ്ഞോളി മുക്ക് കണ്ണഞ്ചേരി റോഡ്, ഖാദി മുക്ക് വിദ്യാ തരംഗിണി റോഡ്, കവലാട് ബീച്ച് റോഡ്, കോളനി റോഡ് ഉള്‍പ്പെടെ 42 റോഡ് പ്രവര്‍ത്തികള്‍ക്കായി 2.37 കോടി രൂപയും വകയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം, ആന്തട്ട ജി.യു.പി സ്‌കൂള്‍ ഹാളിന് വുഡന്‍ ചെയര്‍, കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് ജലജീവന്‍ പദ്ധതിയെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് 18 ലക്ഷവും നീക്കി വെച്ചു.

ചെങ്ങോട്ടുകാവ് പഞ്ചായത്തിനെ ഫുഡ് ഹബ്ബായി മാറ്റുന്നതിനും പ്രഖ്യാപനമുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ രമേശന്‍ കിഴക്കയില്‍, ജയശ്രീ മനത്താനത്ത്. രതിഷ് എ.കെ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കന്മറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ് സ്വാഗതവും സെക്രട്ടറി എന്‍.പ്രദീപന്‍ നന്ദിയും പറഞ്ഞു.