”തോണിയൊന്നുലഞ്ഞപ്പോള്‍ വീണതാണ്, കടലിലേക്ക് പോകാതെ ഞങ്ങള്‍ പിടിച്ച് കള്ളിയിലിട്ടു” മത്സ്യബന്ധനത്തിടെ മരിച്ച ചെങ്ങോട്ടുകാവ് സ്വദേശിയുടെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ ചെങ്ങോട്ടുകാവ് സ്വദേശി ഏഴുകുടിക്കല്‍ പാറക്കല്‍ താഴെ പ്രവീണ്‍ മരണപ്പെട്ടത് തോണിയില്‍ നിന്ന് വീണതിനെ തുടര്‍ന്നെന്ന് അപകട സമയത്ത് ഒപ്പമുണ്ടായിരുന്നയാള്‍. ഇടയ്ക്ക് വള്ളമൊന്ന് ഉലഞ്ഞപ്പോള്‍ പ്രവീണ്‍ വീഴുകയായിരുന്നെന്നും തങ്ങള്‍ ഉടനെ പിടിച്ച് കള്ളിയിലേക്ക് ഇട്ടപ്പോള്‍ വെള്ളം വേണമെന്ന് കൈകൊണ്ട് കാണിച്ചെന്നും തൊഴിലാളികള്‍ പറയുന്നു.
തോണിയില്‍ നിന്നും വീണശേഷം ഒന്നും സംസാരിച്ചിട്ടില്ല. വെള്ളം കൊടുത്തെങ്കിലും പിന്നീട് ബോധമില്ലാത്ത അവസ്ഥയായിരുന്നു. ഉടനെ കരയ്ക്കടിപ്പിച്ചു. മറ്റുവള്ളങ്ങളിലുള്ളവരും സഹായത്തിനെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നും തൊഴിലാളികള്‍ പറയുന്നു.
കാരിയര്‍ വള്ളത്തിലായിരുന്നു പ്രവീണ്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം സംബന്ധിച്ച് വ്യക്തതവരൂ.
പ്രത്യേകിച്ച് അസുഖമൊന്നും പ്രവീണിന് ഉണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പ്രവീണിന്റെ വിയോഗത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടപ്പെട്ടത്. ഭാര്യയും മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനും മൂന്നുവയസുള്ള മകളും അടങ്ങിയതാണ് പ്രവീണിന്റെ കുടുംബം. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായിരുന്നു.