ചെമ്മീന്‍ കറിവെച്ചും വറുത്തും മടുത്തോ? എങ്കില്‍ ഇനി അടിപൊളി ബിരിയാണിയുണ്ടാക്കിയാലോ, ഇതാ റസിപ്പി


ഴിഞ്ഞ കുറച്ചുദിവസമായി ചെമ്മീനായിരിക്കും മിക്ക വീട്ടിലും വാങ്ങിയ മീന്‍. ചോമ്പാല ഹാര്‍ബറില്‍ ചെമ്മീന്‍ ചാകര വന്നതിന് പിന്നാലെ വടകര കൊയിലാണ്ടി മേഖലകളില്‍ ചെമ്മീന്‍ സുലഭമാണ്. മൂന്നൂറു നാനാറൂം രൂപമുടക്കി മത്തിയും മറ്റു മീനുകളും വാങ്ങാന്‍ കഴിയാത്തവരെല്ലാം ഇപ്പോള്‍ ചെമ്മീന് പിറകേയാണ്. ഇക്കാലത്തിനിടെ മറ്റുമീനുകള്‍ക്കെല്ലാം വില കുതിച്ചുയര്‍ന്നപ്പോള്‍ അതൊന്നും ചെമ്മീനെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. ചാകര കൂടിയായതോടെ വില നന്നേ കുറഞ്ഞു.

കറിയായും വറുത്തും ചെമ്മില്‍ തന്നെ ദിവസവും തിന്നുമടുത്തെങ്കില്‍ ഇനി ബിരിയാണി ആക്കിക്കോളൂ. ബിരിയാണി ഉണ്ടാക്കാന്‍ അറിയില്ലെങ്കില്‍ ഇതാ അടിപൊളി ഒരു റസിപ്പിയും തരാം.

ആദ്യം മസാല തയ്യാറാക്കാം:
ഇതിനായി ഒരു പാത്രത്തില്‍ ഓയിലൊഴിച്ച് ചൂടായാല്‍ സവാള അരിഞ്ഞത് ഇട്ടു നന്നായി വഴറ്റുക. ബ്രൗണ്‍ കളര്‍ ആവുന്നവരെ വഴറ്റണം. ഇതിലേക്ക് ചതച്ചു വച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിഞ്ഞു വന്നാല്‍ തക്കാളി അരിഞ്ഞത് ചേര്‍ക്കാം. തക്കാളി നന്നായി വഴന്നാല്‍ കുറച്ചു കറിവേപില അരിഞ്ഞത് പാകത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക.

ഗരം മസാല, മുളക് പൊടി, മഞ്ഞള്‍ പൊടി ചേര്‍ക്കുക. ഫ്രൈ ചെയ്ത ചെമ്മീന്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി തൈര് ചേര്‍ത്ത് ഇളക്കി ചെറിയ തീയില്‍ 5 മിനിറ്റ് വേവിക്കുക.

ചോറു വെക്കാനുള്ള പാത്രം ചൂടാക്കി ഓയില്‍ ഒഴിച്ച് പട്ട ഗ്രാമ്പൂ ഏലക്ക ഇട്ട ശേഷം ഇതിലേക്ക് അളന്നുവച്ച തിളച്ച വെള്ളം ചേര്‍ത്ത് ഉപ്പ് പാകത്തിന് ചേര്‍ത്ത് നന്നായി ഇളക്കി തിളച്ചാല്‍ അരി ഇട്ടു അടച്ചു വെക്കുക. ചോറു പാകമായാല്‍ തീ ഓഫ് ചെയ്യാം.

ദം ഇടുന്നതിനു മുമ്പായി മല്ലിയില, പുതിനയില, സവാള, കിസ്മിസ് അണ്ടിപരിപ് എന്നിവ ഓയിലില്‍ മൂപ്പിച്ച് വെക്കണം.

ദം ഇടാനുള്ള പാത്രത്തില്‍ കുറച്ചു ഓയില്‍ ഒഴിച്ച് ഉണ്ടാക്കി വച്ച മസാല ഇടുക. അതിനു മീതെ കുറച്ചു വറുത്ത സവാള, ചപ്പ് പൊതീന, നെയ്യ്, ഇട്ടു മീതെ കുറച്ചു ചോറിടുക. അതിനു മീതെ വീണ്ടും വറുത്തു വച്ച സവാളയും അണ്ടി പരിപ്പും, കിസ്മിസും, ഇലകളും, നെയ്യും, ഗരം മസാലയും ഇട്ടു വീണ്ടും ചോറിടുക. വീണ്ടും വറുത്തു വച്ച സവാളയും അണ്ടി പരിപ്പും, കിസ്മിസും, ഇലകളും, നെയ്യും, ഗരം മസാലയും ഇട്ട് അടച്ചു വച്ച് 15 മിനിട്ട് ചെറിയ തീയില്‍ വെക്കുക.