‘വഴിയോര വിശ്രമകേന്ദ്രം ആർക്കുവേണ്ടി?’ ; വഴിയോര വിശ്രമ കേന്ദ്രം നിര്‍മ്മിച്ചത് റെയില്‍വേ മേല്‍പ്പാലത്തിന് അടിയില്‍, ചെങ്ങോട്ടുകാവിലെ കെട്ടിടം ഉപകാരമില്ലാതെ കാടിപിടിച്ച് പോകുന്നെന്ന് നാട്ടുകാര്‍


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രം വഴിയാത്രക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഉപകാരമില്ലാതെ ഉപയോഗശൂന്യമായി കിടക്കുന്നതായി നാട്ടുകാര്‍. ചെങ്ങോട്ടുകാവ് റെയില്‍ ഓവര്‍ ബ്രിഡ്ജിന് കീഴിലാണ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പണികഴിച്ച വഴിയോര വിശ്രമ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ദീര്‍ഘദൂര യാത്രക്കാരടക്കം ഇതുവഴി കടന്നുപോകുന്നവര്‍ക്കും പ്രദേശവാസികള്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം എന്ന നിലയ്ക്കാണ് വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കുന്നത്. പണി പൂര്‍ത്തിയായിട്ട് കാലങ്ങളായെങ്കിലും ഇതുവരെ വിശ്രമ കേന്ദ്രം തുറന്നുകൊടുത്തിട്ടില്ല. നാഷണല്‍ ഹൈവെ ബൈപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ പൂര്‍ണ്ണമായും ഒരു തുരുത്തായി ഈ പ്രദേശം മാറുമെന്നും ഇതോടെ പ്രത്യേകിച്ച് ഒരു തരത്തിലും ഒരു പ്രധാന വഴി കടന്നുപോകാത്ത ഇടമായ ഇവിടെയുള്ള വഴിയോര വിശ്രമ കേന്ദ്രം ഉപകാരപ്രദമല്ലാതെ പോകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ദീര്‍ഘവീക്ഷണമില്ലാതെ ഇത്തരമൊരിടത്ത് വിശ്രമ കേന്ദ്രം നിര്‍മ്മിച്ചത് ഫണ്ട് തട്ടിയെടുക്കാനുള്ള മാര്‍ഗ്ഗമാണെന്നും, ക്രമക്കേടാണെന്നുമുള്ള അഭിപ്രായം പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം നിലനില്‍ക്കുന്ന സ്ഥലത്ത് മുന്‍പ് മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പണിത കെട്ടിടവും ആരും തിരിഞ്ഞു നോക്കാതെ നശിക്കുകയാണ്.

അതേസമയം, വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ താമസം നേരിട്ടതിനാലാണ് വഴിയോര വിശ്രമ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ വൈകിയതെന്നാണ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. നിലവില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. അടുത്തുതന്നെ ഉദ്ഘാടനം നടത്തിയശേഷം വിശ്രമ കേന്ദ്രം തുറക്കും. മേല്‍പ്പാലത്തിന് അടിയില്‍ ദീര്‍ഘദൂര യാത്ര നടത്തുന്ന ലോറികള്‍ക്ക് അടക്കം പാര്‍ക്ക് ചെയ്യാന്‍ സൗകര്യം നല്‍കാന്‍ പദ്ധതിയുണ്ടെന്നും അതിനാല്‍ ദേശീയപാത പ്രവൃത്തി പൂര്‍ത്തിയായാലും കേന്ദ്രം ഉപയോഗിപ്രദമാകുമെന്നുമാണ് പ്രസിഡന്റ് പറയുന്നത്.