ഭവനനിര്‍മ്മാണത്തിനും മാലിന്യ സംസ്കരണത്തിനും മുന്‍ഗണന; ചേമഞ്ചേരിയുടെ 2023-24 വര്‍ഷത്തെ ബഡ്ജറ്റ് വിശദാംശങ്ങള്‍ അറിയാം
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയില്‍ അവതരിപ്പിച്ചു. 29.36 കോടി വരവും 28.72 കോടി ചെലവും 64 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. ഭവന നിര്‍മ്മാണം മാലിന്യ സംസ്കരണം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്.
ലൈഫ് ഭവന പദ്ധതിയ്ക്കായി 3.75 കോടി രൂപ വകയിരുത്തി. ഉറവിട മാലിന്യ സംസ്കരണം ലക്ഷ്യമിട്ടുകൊണ്ട് മുഴുവന്‍ വീടുകളിലും റിംഗ് കമ്പോസ്റ് തുടങ്ങിയ പദ്ധതികള്‍ക്കായി 61 ലക്ഷം രൂപ വകയിരുത്തി. കാര്‍ഷിക ക്ഷീര മേഖലയ്ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ക്ഷീര മേഖലയെ ആധുനിക വത്കരിക്കുന്നതിനും തുക വകയിരുത്തി.
ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനുമായി 3.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതി അവിഷ്ക്കരിച്ചിട്ടുണ്ട്. വനിതാ ശിശു ക്ഷേമ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരം നേടിയിട്ടുള്ള ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഈ മേഖലയില്‍ നവീനമായ പദ്ധതികള്‍ ബഡ്ജറ്റില്‍ അവിഷ്കരിച്ചിട്ടുണ്ട്.
ചേമഞ്ചേരിയുടെ ചരിത്രപുസ്തക നിര്‍മ്മാണത്തിനായി നൂതന പദ്ധതി ആവിഷ്കരിച്ചു. ചേമഞ്ചേരിയുടെ സമ്പന്നമായ കലാകായിക പാരമ്പര്യത്തെ നിലനിര്‍ത്തുന്നതിനായി ഈ മേഖലയില്‍ തുക നീക്കി വച്ചിട്ടുണ്ട്. ഇതിനായി സ്പോര്‍ട്സ് അക്കാദമി രൂപീകരിക്കും.
ഗ്രാമപഞ്ചായത്തിന് പുതിയ കളിസ്ഥലവും, ആയുര്‍വേദ ആശുപത്രിക്ക് കെട്ടിടം നിര്‍മ്മിക്കാനായി സ്ഥലം വാങ്ങുന്നതിനും ഫണ്ട് വകയിരുത്തി. തൊഴില്‍ സംരംഭങ്ങള്‍ വഴി തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി, കാറ്ററിംഗ് യൂണിറ്റ്, വസ്ത്ര നിര്‍മ്മാണ യൂണിട്ട്, ജൈവ വള നിര്‍മ്മാണ യൂണിറ്റ്, എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് എന്നിവ ആരംഭിക്കും.
ഉമ്മര്കണ്ടി അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിച്ചു. വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം, മൊബൈല്‍ ഫിഷ് വെന്റിങ് കിയോസ്കുകള്‍ തുടങ്ങിയവയും നടപ്പിലാക്കും.
കാര്‍ഷിക മേഖല
50 ലക്ഷം
മൃഗസംരക്ഷണം
32 ലക്ഷം
ചെറുകിട വ്യവസായം ,തൊഴില്‍
45.5 ലക്ഷം
ആരോഗ്യം
22 ലക്ഷം
വിദ്യാഭ്യാസം
18.3 ലക്ഷം
കലാസാംസ്കാരികം
6.9 ലക്ഷം
പട്ടിക ജാതി വികസനം
53 ലക്ഷം
മത്സ്യ മേഖല
9.5 ലക്ഷം
കുടിവെള്ളം
21 ലക്ഷം
തെരുവ് വിളക്ക്
21 ലക്ഷം
യുവജന ക്ഷേമം
5 ലക്ഷം