‘സദ്ഭരണത്തിലൂടെ സുസ്ഥിര വികസനം’; ദേശീയ ശിൽപശാലയിൽ പങ്കെടുക്കാൻ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ജമ്മു കശ്മീരിലേക്ക്
ചേമഞ്ചേരി: സദ്ഭരണത്തിലൂടെ സുസ്ഥിര വികസനം എന്ന വിഷയത്തിൽ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ ശില്പശാലയിൽ പങ്കെടുക്കുന്ന ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന് അനുമോദനവും യാത്രയയപ്പും നൽകി. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഈ മാസം 21 മുതലാണ് ശിൽപ്പശാല. കേരളത്തിൽ നിന്ന് അഞ്ച് ഗ്രാമപഞ്ചായത്തുകളെയാണ് ശിലാപശാലയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.
സദ്ഭരണം ഉറപ്പുവരുത്തുന്നതിന് ഗ്രാമ പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പഞ്ചായത്തിനെ തെരഞ്ഞെടുത്തിട്ടുള്ളത്. പൊതുജനങ്ങൾക്ക് സമയ ബന്ധിതമായും കാര്യക്ഷമമായും സേവനം നൽകുന്നതിന് വിപുലമായ സംവിധാനമാണ് പഞ്ചായത്ത് ഒരുക്കിയിട്ടുള്ളത്. പൗര കേന്ദ്രീകൃത സംവിധാനങ്ങളായ സിറ്റിസൺ പോർട്ടൽ, ഫ്രണ്ട് ഓഫീസ്, ഹെൽപ്‌ഡെസ്‌ക്, സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ തുടങ്ങിയവ കാര്യക്ഷമമായി പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്.
Related News- ഇത്തവണ സദ്ഭരണ മികവിന്; ചേമഞ്ചേരി ഗ്രാമപഞ്ചായത്തിനെ തേടി മറ്റൊരു ദേശീയ അംഗീകാരം കൂടി
വികസന പദ്ധതികളുടെ ജനകീയ ഓഡിറ്റ് സംവിധാനമായ സോഷ്യൽ ഓഡിറ്റ് ഫലപ്രദമായി നടത്തി വരുന്നു. പരാതികൾ പരിഹരിക്കുന്നതിന് സ്ഥിരം അദാലത് സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിന് സമൂഹ മാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതും നേട്ടമായി. പണമിടപാടുകൾക്കായി നൂതന യുപിഐ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങളായ ശിശു ഭിന്നശേഷി വനിതാ വയോജന സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ, വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ, സ്ഥിരം സമിതി ചെയർമാന്മാരായ ഹാരിസ് വി കെ, സന്ധ്യ ഷിബു, അതുല്യ ബൈജു, എന്നിവർ സംസാരിച്ചു.
Summary: Chemanchery Panchayat President Sati Kizhakkayil going to Jammu and Kashmir to participate in National Workshop