നൂറിന്റെ നിറവിൽ ചേമഞ്ചേരി കൊളക്കാട് യു.പി സ്‌കൂള്‍; ‘ശതസ്പന്ദം’ ഫെബ്രുവരി 16ന്
ചേമഞ്ചേരി: നൂറുവർഷം പൂർത്തിയാക്കുന്ന ചേമഞ്ചേരി കൊളക്കാട് യു.പി സ്‌കൂളിന്റെ ‘ശതസ്പന്ദം’ ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 16 ഞായറാഴ്ച നടക്കും. വൈകീട്ട് നടക്കുന്ന പരിപാടി പ്രശസ്ത ചലച്ചിത്ര നടൻ നിർമ്മൽ പാലാഴി ഉദ്ഘാടനം ചെയ്യും. വിഖ്യാത എഴുത്തുകാരൻ യു.കെ കുമാരൻ മുഖ്യഭാഷണവും സ്മരണിക പ്രകാശനവും നിർവഹിക്കും.
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ, പിടിഎ എന്നിവരുടെ വിവിധ കലാപരിപാടികളും പ്രദീപ് ഹുഡിനോയുടെ മാജിക് പ്രദർശനവും ഉണ്ടായിരിക്കും. പ്രധാനധ്യാപിക ശ്യാമള ടീച്ചർക്കുള്ള യാത്രയയപ്പും പരിപാടിയില്‍ നടക്കും.
ശതസ്പന്ദത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം, ചിത്രരചന ക്യാമ്പ് (വർണ്ണലയം), ദ്വിദിന സഹവാസ ക്യാമ്പ് (ജീവലയം), പൂർവ്വാധ്യാപക- വിദ്യാർത്ഥി സംഗമം (ഓർമ്മച്ചെപ്പ്), ആർട്ടിഫിഷ്യൽ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നീ പരിപാടികൾ ഇതിനോടകം നടന്നു കഴിഞ്ഞു. വാർത്താ സമ്മേളനത്തിൽ ശ്യാമള പാലത്തിൽ, യു.കെ രാഘവൻ, സത്യൻ കെ.പി, ശ്രീനാഥ് കെ.എൻ.കെ എന്നിവർ പങ്കെടുത്തു.
Description: Chemanchery Kolakkad UP School at 100