ഇത്തവണ സദ്ഭരണ മികവിന്; ചേമഞ്ചേരി ഗ്രാമപഞ്ചായത്തിനെ തേടി മറ്റൊരു ദേശീയ അംഗീകാരം കൂടി


ചേമഞ്ചേരി: സദ്ഭരണ മികവിന് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് ദേശീയ അംഗീകാരം. കേരളത്തില്‍ നിന്ന് അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്.

സദ്ഭരണത്തിലൂടെ സുസ്ഥിര വികസനം എന്ന വിഷയത്തില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സംഘടിപ്പിക്കുന്ന ദേശീയ ശില്പശാലയിലേക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന് ക്ഷണം ലഭിച്ചിരിക്കുകയാണ്. സദ്ഭരണം ഉറപ്പുവരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പഞ്ചായത്തിനെ തെരഞ്ഞെടുത്തിട്ടുള്ളത്.

പഞ്ചായത്ത് ഓഫീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം, പൊതുജനങ്ങള്‍ക്ക് കൊടുക്കുന്ന സഹായങ്ങള്‍ തുടങ്ങിയ ഭരണകാര്യങ്ങളാണ് പരിഗണിക്കപ്പെട്ടത്.

ആഗസ്റ്റ് 21, 22, 23 തിയ്യതികളിലാണ് ശില്‍പ്പശാല നടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നും ചേമഞ്ചേരിയ്ക്ക് പുറമേ നാദാപുരം ഗ്രാമപഞ്ചായത്തിനും ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റ് മൂന്ന് പഞ്ചായത്തുകള്‍ കണ്ണൂര്‍ ജില്ലയിലുള്ളതാണ്.

ഇത് രണ്ടാം തവണയാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് ഇത്തരമൊരു ദേശഈയ അംഗീകാരം ലഭിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 17, 18, 19 തിയ്യതികളില്‍ ഭുവനേശ്വറില്‍ നടന്ന ശില്‍പ്പശാലയിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പഞ്ചായത്തുകളില്‍ ഒന്ന് ചേമഞ്ചേരിയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഈ അംഗീകാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പഞ്ചായത്തായും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗീകരിക്കപ്പെട്ടിരുന്നു.